ഹൈദരാബാദ്: കൈയിൽ ചുറ്റിയ കൂറ്റൻ പെരുമ്പാമ്പുമായി സ്കൂട്ടറിന്റെ പിന്നിലിരുന്ന് പിന്നോട്ട് തിരിഞ്ഞ് യാത്ര ചെയ്ത യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹൈദരാബാദിലെ ഒരു ഐടി കമ്പനിക്ക് സമീപത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയ യുവാവാണ് പിന്നീട് പാമ്പുമായി സ്കൂട്ടറിൽ സഞ്ചരിച്ചതെന്നാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.
പെരുമ്പാമ്പിനെ പിടികൂടിയതിന് പിന്നാലെ പാമ്പ് യുവാവിന്റെ കൈയിൽ ചുറ്റിവരിഞ്ഞതായാണ് വിവരം. തുടർന്ന് ഇയാൾ പാമ്പിനെ കൈയിൽ പിടിച്ചുകൊണ്ട് സ്കൂട്ടറിന്റെ പിന്നിൽ തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ യുവാവ് എന്തിനാണ് ഇത്തരത്തിൽ പാമ്പുമായി സ്കൂട്ടറിൽ സഞ്ചരിച്ചതെന്ന് വ്യക്തമല്ല.
വീഡിയോ വൈറലായതോടെ യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. പാമ്പിനെ അനായാസമായി കൈകാര്യം ചെയ്ത രീതിയെ ചിലർ അഭിനന്ദിച്ചപ്പോൾ, സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത് അപകടകരമാണെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി.
യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇയാൾ ഔദ്യോഗികമായി പരിശീലനം നേടിയ പാമ്പുപിടിത്ത സംഘത്തിലെ അംഗമായിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ടുകൾ.
