ഒറ്റപ്പാലം: ഭാരതപ്പുഴയുടെ തീരത്ത് വീണ്ടും ദുരൂഹതയുയർത്തി അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം തൊഴുപ്പാടം തോണിക്കടവ് ഭാഗത്താണ് പുഴയിൽ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ടെത്തിയത്. ഇന്ന് രാവിലെ സമീപവാസികളാണ് പുഴയിൽ മൃതദേഹം കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി ജനങ്ങളുടെ സഹായത്തോടെ മൃതദേഹം കരയ്ക്കടുപ്പിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയുന്നതിനായി സമീപ പ്രദേശങ്ങളിലെ കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
