Home Internationalമാധ്യമങ്ങളെ മറികടന്ന് സ്വന്തം ചാനൽ; ‘ട്രംപ് ടിവി’യുമായി വൈറ്റ് ഹൗസ്, 24 മണിക്കൂറും സംപ്രേഷണം

മാധ്യമങ്ങളെ മറികടന്ന് സ്വന്തം ചാനൽ; ‘ട്രംപ് ടിവി’യുമായി വൈറ്റ് ഹൗസ്, 24 മണിക്കൂറും സംപ്രേഷണം

by news_desk1
0 comments

വാഷിങ്ടൺ: പരമ്പരാഗത മാധ്യമങ്ങളിലൂടെയുള്ള വാർത്താവിനിമയത്തിന് പുറമെ നേരിട്ട് പൊതുജനങ്ങളിലെത്താൻ സ്വന്തം യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്. ‘ട്രംപ് ടിവി: ദി എസൻഷ്യൽ സ്റ്റേഷൻ’ എന്ന പേരിലുള്ള ചാനൽ യൂട്യൂബിലാണ് ആരംഭിച്ചത്. യുഎസ് പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും ഔദ്യോഗിക പരിപാടികൾ, പ്രസംഗങ്ങൾ, പ്രഖ്യാപനങ്ങൾ, മറ്റ് ദൃശ്യങ്ങൾ എന്നിവ 24 മണിക്കൂറും സംപ്രേഷണം ചെയ്യുകയാണ് ലക്ഷ്യം.

വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ചാനൽ ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴുമണിയോടെയാണ് സംപ്രേഷണം ആരംഭിച്ചത്. ജൂലൈയിൽ മൗണ്ട് റഷ്‌മോറിൽ ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രംപ് അധികാരമേറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഭരണകൂടവുമായി ബന്ധപ്പെട്ട പ്രധാന വീഡിയോകളും പ്രസംഗങ്ങളും ഇവിടെ ലഭ്യമാകും.

തത്സമയ വിവരങ്ങൾക്കൊപ്പം ഭരണകൂടത്തിന്റെ പ്രധാന പ്രഖ്യാപനങ്ങളും പഴയ പരിപാടികളുടെ ദൃശ്യങ്ങളും ചാനലിലൂടെ ലഭ്യമാക്കാനാണ് നീക്കം. വൈറ്റ് ഹൗസ് യൂട്യൂബ് ചാനലിലും ഔദ്യോഗിക ആപ്പിലുമായി തുടർച്ചയായ സ്ട്രീമിങ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ് ഹൗസിൽ ചില മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ നീക്കം പുറത്തുവരുന്നത്. ഭരണകൂടത്തിന്റെ ഔദ്യോഗിക പരിപാടികളുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് ചില യുഎസ് മാധ്യമ സ്ഥാപനങ്ങളും പ്രതിഷേധ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ വൈറ്റ് ഹൗസ് സ്വന്തം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഉള്ളടക്കം നേരിട്ട് പ്രേക്ഷകരിലെത്തിക്കുന്ന രീതിയിലേക്ക് കൂടുതൽ നീങ്ങുകയാണ്.

മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചില സ്ഥാപനങ്ങൾ നിയമനടപടികളിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് ‘ട്രംപ് ടിവി’യുടെ വരവ്. അതേസമയം, ഭരണകൂടത്തിനെതിരായ മാധ്യമ റിപ്പോർട്ടുകൾ സംബന്ധിച്ച് ട്രംപ് നേരത്തെയും പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു.

You may also like