കൊച്ചി: പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിർണായക ഉത്തരവ്.
തലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിനിയായ 28കാരി മുൻ ഭർത്താവിന്റെ പേര് പാസ്പോർട്ടിൽ നിന്ന് ഒഴിവാക്കുന്നതിനായി നൽകിയ അപേക്ഷയിലാണ് കോടതി ഇടപെടൽ. വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന പാസ്പോർട്ട് അധികൃതരുടെ നിർദേശത്തെ ചോദ്യം ചെയ്തായിരുന്നു ഹർജി.
വിവാഹമോചന ഉത്തരവ് നിർബന്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് 2024ൽ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ പാസ്പോർട്ട് ചട്ടങ്ങളിൽ വിവാഹമോചന ഉത്തരവ് ഹാജരാക്കണമെന്ന വ്യവസ്ഥ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഓഫീസ് മെമ്മോറാണ്ടം വഴി ചട്ടത്തിലെ വ്യവസ്ഥകളെ മറികടക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് കോടതി നിർദേശം നൽകി.
