ആലപ്പുഴ: സിപിഎമ്മിനെതിരെ ജി സുധാകരൻ നടത്തുന്ന തുടർച്ചയായ വിമർശനങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസുകൾ തുടർച്ചയായി ഫയൽ ചെയ്യാനുള്ള നീക്കവുമായി ജില്ലയിലെ സിപിഎമ്മിലെ സജി ചെറിയാൻ അനുകൂല യുവനേതാക്കൾ. സുധാകരന്റെ പ്രസ്താവനകൾക്കെതിരെ നിയമനടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിവരം.
ലഹരിക്കേസിൽ ആരോപണവിധേയനായ ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസാണ് ഏറ്റവും ഒടുവിൽ സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്.
സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ പാർട്ടി നേതാക്കൾക്കെതിരെ സുധാകരൻ നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. അടുത്തിടെ സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിരുന്നു.
സിപിഎം നേതാക്കളായ എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ ആരോപണം. എന്നാൽ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും ഇക്കാര്യങ്ങൾ മാധ്യമങ്ങൾ കാണില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നിട്ടുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
