കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് റിയാസ് ആരോപിച്ചു. ജനവിധി അട്ടിമറിക്കാനുള്ള ബോധപൂർവമായ അജണ്ടയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഉപയോഗിച്ച് സംഘപരിവാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവവും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയ ഗ്യാനേഷ് കുമാർ തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും ഭരണഘടനാ മൂല്യങ്ങളോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ ഉടൻ രാജിവെച്ച് പുറത്തുപോകണമെന്നും റിയാസ് ആവശ്യപ്പെട്ടു.
ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നവരുടെ ചട്ടുകമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയതിന്റെ നേർചിത്രമാണ് പുറത്തുവന്ന വിവരങ്ങളെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആർ സംഘപരിവാർ ആഗ്രഹിക്കുന്ന തരത്തിലുള്ള പുറന്തള്ളൽ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് സിപിഎം തുടക്കം മുതൽ പറഞ്ഞിരുന്നു. ആ വിലയിരുത്തൽ ശരിയാണെന്നാണ് പുതിയ വാർത്തകളിൽനിന്ന് മനസിലാകുന്നതെന്നും റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ രണ്ടുപേരുടെ അഭിപ്രായങ്ങളെപ്പോലും മറികടന്നാണ് ഗ്യാനേഷ് കുമാർ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കമ്മീഷനിലെ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമാണെന്നും അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
