Home Nationalമഹാരാഷ്ട്രയിലെ 265 താലൂക്കുകളിൽ വരൾച്ച; 74 ശതമാനം പ്രദേശത്ത് ജലക്ഷാമം, ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് സർക്കാ

മഹാരാഷ്ട്രയിലെ 265 താലൂക്കുകളിൽ വരൾച്ച; 74 ശതമാനം പ്രദേശത്ത് ജലക്ഷാമം, ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് സർക്കാ

by news_desk1
0 comments

മുംബൈ: മഹാരാഷ്ട്രയിൽ കടുത്ത വരൾച്ച. സംസ്ഥാനത്തെ ആകെ 358 താലൂക്കുകളിൽ 265 താലൂക്കുകളിലും വരൾച്ച ബാധിച്ചതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ താലൂക്കുകളുടെ ഏകദേശം 74 ശതമാനം വരുന്നതാണ് ഇത്. വരൾച്ചാ മാനേജ്മെന്റ് മാനുവലിലെ ‘ട്രിഗർ-1’ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കിയ ശേഷമാണ് പ്രഖ്യാപനം.

25 ശതമാനത്തിലധികം മഴക്കുറവും തുടർച്ചയായി 21 ദിവസത്തോളം മഴ ലഭിക്കാതിരുന്നതുമാണ് ‘ട്രിഗർ-1’ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. വരൾച്ചബാധിത പ്രദേശങ്ങൾക്കായി വിവിധ ആശ്വാസ നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

വരൾച്ച ബാധിച്ച പ്രദേശങ്ങളിലെ കർഷകർക്ക് ഭൂനികുതിയിൽ ഇളവ് നൽകും. കാർഷിക വായ്പകളുടെ തിരിച്ചടവ് താൽക്കാലികമായി മാറ്റിവയ്ക്കാനും വിളവായ്പകൾ പുനഃക്രമീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. 7.5 ഹോഴ്‌സ്‌പവർ വരെ ശേഷിയുള്ള കാർഷിക പമ്പുകളുടെ വൈദ്യുതി ബില്ലുകൾ നേരത്തെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, കൂടുതൽ ശേഷിയുള്ള പമ്പുകൾക്കും ഇളവ് അനുവദിക്കും. വെള്ളം ലഭ്യമല്ലാത്ത ഗ്രാമങ്ങളിലെ കാർഷിക പമ്പുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.

വരൾച്ചബാധിത പ്രദേശങ്ങളിലെ സ്കൂൾ, കോളജ് വിദ്യാർഥികളുടെ പരീക്ഷാഫീസ് ഒഴിവാക്കും. തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങളിൽ ഇളവ് വരുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൃഷിയെ ആശ്രയിച്ച് കഴിയുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാനും നടപടിയുണ്ടാകും.

കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും കാലിത്തീറ്റ ലഭ്യമാക്കുന്നതിനുമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമുള്ള പ്രദേശങ്ങളിൽ ടാങ്കറുകൾ വഴി വെള്ളമെത്തിക്കും. ജലസംരക്ഷണ പ്രവർത്തനങ്ങളും വിപുലപ്പെടുത്തും.

വിളനാശം കൃത്യമായി വിലയിരുത്തുന്നതിനായി ഫോട്ടോകളും ജിപിഎസ് കോർഡിനേറ്റുകളും ശേഖരിച്ച് നഷ്ടപരിഹാരത്തിന്റെ കണക്കുകൾ എത്രയും വേഗം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർമാരോട് സർക്കാർ ആവശ്യപ്പെട്ടു.

You may also like