Home Localതൃശ്ശൂർ കോൺഗ്രസിനോട് പിണക്കം; 13 സീറ്റും ജയിച്ചാൽ പിണക്കം മാറുമെന്ന് വി.ഡി. സതീശൻ

തൃശ്ശൂർ കോൺഗ്രസിനോട് പിണക്കം; 13 സീറ്റും ജയിച്ചാൽ പിണക്കം മാറുമെന്ന് വി.ഡി. സതീശൻ

by news_desk1
0 comments

തൃശ്ശൂർ: തൃശ്ശൂരിലെ കോൺഗ്രസ് നേതൃത്വത്തോടും പ്രവർത്തകരോടും തനിക്ക് പിണക്കമുണ്ടെന്ന് വി.ഡി. സതീശൻ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 സീറ്റുകളും ഒറ്റക്കെട്ടായി നിന്ന് വിജയിച്ചാൽ മാത്രമേ പിണക്കം മാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിണക്കം കാരണം താൻ തൃശ്ശൂരിൽനിന്ന് വിട്ടുനിന്നതല്ലെന്നും ജില്ലയോട് വികസന അവഗണനയുണ്ടാകില്ലെന്നും സതീശൻ വ്യക്തമാക്കി. തൃശ്ശൂർ ഡി.സി.സി ഓഫീസിലെ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂരിലെ യഥാർഥ രാഷ്ട്രീയ സാഹചര്യം തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് വേളയിൽ ജില്ലയിലെ കണക്കുകളെക്കുറിച്ച് പ്രതികരിക്കാതിരുന്നതെന്നും സതീശൻ പറഞ്ഞു. എറണാകുളത്തെ 14 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് തൃശ്ശൂർ ഡി.സി.സിയിൽ പ്രഖ്യാപിച്ചത് ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിക്കാനായിരുന്നുവെന്നും അവർ പ്രകോപിതരായില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവർഷത്തിനുശേഷമുള്ള അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റുകളോടെ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സതീശൻ പറഞ്ഞു. തൃശ്ശൂരിൽ നിലവിലെ നാല് സീറ്റെന്ന സ്ഥിതി മാറണം. ജില്ലയിലെ 13 സീറ്റുകളും നേടണം. കോൺഗ്രസുകാർ ഒറ്റ ടീമായി പ്രവർത്തിച്ചുവെന്ന് ബോധ്യപ്പെടുകയും 13 സീറ്റും വിജയിക്കുകയും ചെയ്താൽ മാത്രമേ തന്റെ പിണക്കം മാറുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ നാല് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായതെങ്കിലും തൃശ്ശൂർ ജില്ലയോട് സർക്കാർ യാതൊരു അവഗണനയും കാണിക്കില്ലെന്നും യു.ഡി.എഫ് സർക്കാരിന്റെ കൃത്യമായ കൈമുദ്രയുള്ള വികസന പദ്ധതികൾ ജില്ലയിൽ നടപ്പാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

You may also like