കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പ്രിയദർശിനി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറിന്റെ നിർദേശപ്രകാരമാണ് നടപടി. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ. കണ്ടക്ടർക്കും മൂന്ന് യാത്രക്കാർക്കുമെതിരെ നോർത്ത് പറവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിലെ കണ്ടക്ടർക്കെതിരെയാണ് വിദ്യാർഥിനി പരാതി നൽകിയത്. ‘കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ല’, ‘സീറോ ടിക്കറ്റ് നൽകില്ല’ തുടങ്ങിയ പരാമർശങ്ങൾ നടത്തി അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിൽ ആരോപിക്കുന്നു. യാത്രക്കാരോട് തന്നെ ചൂണ്ടിക്കാട്ടി അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു.
സംഭവം തനിക്ക് കടുത്ത മാനസിക ബുദ്ധിമുട്ടും നാണക്കേടും ഉണ്ടാക്കിയെന്നും നടപടി സ്വീകരിച്ച് നീതി ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കെഎസ്ആർടിസി സിഎംഡി വ്യക്തമാക്കി. യാത്രക്കാരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്തമാണെന്നും ഇത്തരം പരാതികൾ ഗൗരവമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
