Home Keralaകണ്ണൂരിൽ വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി; ബിജെപി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂരിൽ വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി; ബിജെപി, യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

by news_desk1
0 comments

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിന് നേരെ കണ്ണൂരിൽ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. താണയിലും മട്ടന്നൂർ എളമ്പാറയിലുമാണ് ബിജെപി, യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ തടഞ്ഞ് കസ്റ്റഡിയിലെടുത്തു.

കണ്ണൂർ നഗരത്തിന് സമീപം താണയിൽ സുരക്ഷാ വലയം മറികടന്നാണ് പ്രവർത്തകർ റോഡിലേക്ക് പാഞ്ഞെത്തിയത്. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് സമീപത്തേക്ക് പ്രവർത്തകർ എത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഇവരെ ബലംപ്രയോഗിച്ച് റോഡിൽനിന്ന് മാറ്റി പൊലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് മട്ടന്നൂർ എളമ്പാറയിലും സമാനമായ രീതിയിൽ പ്രതിഷേധം ആവർത്തിച്ചു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്. ഇവിടെയും പൊലീസ് ഉടൻ ഇടപെട്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി മുഖ്യമന്ത്രിയുടെ യാത്ര തുടരാൻ സാഹചര്യമൊരുക്കി.

മുഖ്യമന്ത്രിയുടെ യാത്രയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് ബിജെപിയും യുവമോർച്ചയും കോൺഗ്രസ് നേതാക്കൾക്കെതിരെ സമാന പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വയനാട് എം.പി. പ്രിയങ്ക ഗാന്ധിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരെയും യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കെ. മുരളീധരന് നേരെയും കരിങ്കൊടി പ്രതിഷേധം നടന്നതായി റിപ്പോർട്ടുകളുണ്ട്.

അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടും ബിജെപി പരാതി നൽകിയിരുന്നു.

കോൺഗ്രസ് നേതാക്കൾക്കെതിരായ പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

You may also like