കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിതാവിന് 63 വർഷം തടവും 3,15,000 രൂപ പിഴയും വിധിച്ച് കോടതി. തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.ആർ. കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്.
ഐപിസി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയും വിവരം പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ എസ്എച്ച്ഒ കെ. രാജീവ് കുമാറാണ് കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് തൊണ്ടർനാട് സ്റ്റേഷനിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയി ചുമതലയേറ്റ ഇ. ഷൈജുവിന് കേസ് കൈമാറുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കിയ അദ്ദേഹം കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
