ചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരൺ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവെച്ച് കൊന്നു. മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യൻ അതിർത്തിയിലേക്ക് മുന്നേറിയതിനെ തുടർന്നാണ് സേന വെടിയുതിർത്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളനക്കം ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന സേനാംഗങ്ങൾ ഇവർക്ക് മുന്നറിയിപ്പ് നൽകി. നിൽക്കാൻ ആവശ്യപ്പെട്ടിട്ടും പിന്മാറാതെ ഇന്ത്യൻ അതിർത്തിയിലേക്ക് തന്നെ മുന്നേറിയതോടെയാണ് ബിഎസ്എഫ് വെടിയുതിർത്തത്.
വെടിവെപ്പിൽ ഇരുവരും തൽക്ഷണം മരിച്ചു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പഞ്ചാബ് പൊലീസിന് കൈമാറി. ബിഎസ്എഫും പഞ്ചാബ് പൊലീസും ചേർന്നാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.
കൊല്ലപ്പെട്ടവർ ആരാണെന്നും എന്തിനാണ് അതിർത്തി കടക്കാൻ ശ്രമിച്ചതെന്നും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫും പാകിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ ഉടൻ കൂടിക്കാഴ്ച നടന്നേക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
