തിരുവനന്തപുരം: ബിജെപി നേതാവ് ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ശ്രീലേഖ വിശദീകരിച്ചു. സെപ്റ്റംബർ 30ന് മേയർ വി.വി. രാജേഷിന് കൗൺസിലർ സ്ഥാനത്തുനിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിരുന്നുവെന്ന് ശ്രീലേഖ ശാസ്തമംഗലം കൗൺസിലർ അറിയിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചു. കത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകുമെന്നും അവർ വ്യക്തമാക്കി.
‘നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’ എന്നും ശ്രീലേഖ സന്ദേശത്തിൽ പറഞ്ഞു. എന്നാൽ ആർ. ശ്രീലേഖ രാജിവെച്ച വിവരം താൻ അറിഞ്ഞത് വാർത്തകളിലൂടെയാണെന്ന് മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും പ്രതികരിച്ചു.
ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 101 വാർഡുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 50 വാർഡുകളിലാണ് വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ബിജെപി നഗരസഭാ ഭരണം സ്വന്തമാക്കിയത്.
2024ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം ഡിവിഷനിൽ നിന്നാണ് ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് മേയർ സ്ഥാനാർഥിയായി ശ്രീലേഖയെ ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ ബിജെപിക്ക് ഭരണം ലഭിച്ചതിന് പിന്നാലെ വി.വി. രാജേഷിനെയാണ് മേയർ സ്ഥാനത്തേക്ക് നിയോഗിച്ചത്.
മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തി ശ്രീലേഖ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ രാജിയുമായി അതൃപ്തിക്ക് ബന്ധമുണ്ടോ എന്നതിൽ വ്യക്തതയില്ലെങ്കിലും, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം.
