Home Kerala‘എന്തു നടന്നാലും എന്റെ നെഞ്ചത്ത് കേറണ്ട’; സ്കൂൾ ഗെയിംസ് വീഴ്ചയിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് വിട്ട് മന്ത്രി ഒ.കെ. ജനീഷ്

‘എന്തു നടന്നാലും എന്റെ നെഞ്ചത്ത് കേറണ്ട’; സ്കൂൾ ഗെയിംസ് വീഴ്ചയിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് വിട്ട് മന്ത്രി ഒ.കെ. ജനീഷ്

by news_desk1
0 comments

തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിലെ ഗുരുതര വീഴ്ചകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് കായിക മന്ത്രി ഒ.കെ. ജനീഷ്. നീന്തൽ ചാമ്പ്യൻഷിപ്പ് നടന്ന അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക പന്തലിന്റെ ഷീറ്റുകൾ ഇളകിവീണ് വിദ്യാർഥികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് മന്ത്രി പ്രതികരിച്ചത്.

ഇത് കായികമന്ത്രിയുടെ ഉത്തരവാദിത്തമല്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നുമാണ് ഒ.കെ. ജനീഷ് പറഞ്ഞത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ കായികവകുപ്പിന്റെ ചുമതലയിലല്ലെന്നും മന്ത്രി വ്യക്തമാക്കി.

‘എന്തു പ്രശ്നം നടന്നാലും തന്റെ നെഞ്ചത്തേക്ക് കയറേണ്ട ആവശ്യമില്ലെന്നും, തനിക്ക് ഇതുമായി ബന്ധമില്ലെന്നും’ മന്ത്രി പ്രതികരിച്ചു.

അതേസമയം, സ്കൂൾ ഗെയിംസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട നോട്ടീസിൽ മന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വീഴ്ചയുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

വ്യാഴാഴ്ചയാണ് നീന്തൽ ചാമ്പ്യൻഷിപ്പ് നടന്ന അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക പന്തൽ ഇളകിവീണത്. വിദ്യാർഥികൾക്ക് പരിക്കേറ്റതിനെ തുടർന്ന് മത്സരം മാറ്റിവച്ചു.

എന്നാൽ മത്സരം മാറ്റിവെച്ച വിവരം അധികൃതർ അധ്യാപകരെയോ രക്ഷിതാക്കളെയോ നേരത്തെ അറിയിച്ചില്ലെന്ന പരാതിയും ഉയർന്നു. ഇതോടെ വിവിധ ജില്ലകളിൽനിന്ന് മത്സരത്തിനായി തൃശൂരിലെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലായി.

ഇതിനുപുറമെ, വിവിധ ജില്ലകളിൽനിന്നെത്തിയ വിദ്യാർഥികൾക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്.

You may also like