ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് ആരോപണം. ഐസിഎ പ്രവർത്തകരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തതായും പൊലീസ് നടപടിക്കിടെ ചിലർ കുഴഞ്ഞുവീണതായും പ്രതിഷേധക്കാർ പറഞ്ഞു. സിഎസ്എഫിന്റെയും ഡൽഹി പൊലീസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കുന്നതെന്ന് അവർ ആരോപിച്ചു.
നേഹ ബോറയുടെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നിരവധി വിദ്യാർഥികളും സമരത്തിൽ പങ്കെടുത്തു. പ്രതിഷേധം ശക്തമായതോടെ നേതൃത്വം നൽകിയ നേഹ ബോറ, കപിൽ സിബൽ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ളവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തതായി പ്രതിഷേധക്കാർ അറിയിച്ചു.
നേതാക്കളെ ബലമായി നീക്കിയാലും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പ്രവർത്തകർ വ്യക്തമാക്കി. പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.
തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപിച്ച് ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 2025ലെ വോട്ടർ പട്ടിക പുനഃസ്ഥാപിച്ച് അതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുക, തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിൽ സുതാര്യത ഉറപ്പാക്കുക, എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.
ഇടതുപക്ഷ വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി ജന്തർ മന്തറിൽ എത്തിയിട്ടുണ്ട്.
