തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ നീന്തൽക്കുളത്തിന്റെ ഗാലറി മേൽക്കൂര തകർന്നുണ്ടായ അപകടത്തിലും സംഘാടന വീഴ്ചയിലും സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും പൂർണ്ണമായി തള്ളി തൃശൂർ കോർപ്പറേഷൻ ഭരണസമിതി. കായികമേളയുമായി ബന്ധപ്പെട്ട് ഒരു കാര്യം പോലും തങ്ങളുമായി ആലോചിച്ചിട്ടില്ലെന്നും “നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ കിട്ടില്ലെ”ന്നും തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ് കൗൺസിൽ യോഗത്തിൽ തുറന്നടിച്ചു. ഉദ്ഘാടകനെ കിട്ടാതെ വന്നപ്പോഴാണ് തന്നിലേക്ക് എത്തിയതെന്ന് തൃശൂർ മേയർ ഡോ. നിജി ജസ്റ്റിനും ആരോപിച്ചു. സംഘാടനത്തിലെ സുരക്ഷാ വീഴ്ചയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടാനാണ് കോർപ്പറേഷൻ തീരുമാനം. ഇതിനിടെ വിഷയം ഉന്നയിച്ച് കോർപ്പറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വൻ വാക്കേറ്റവും കയ്യാങ്കളിയും നടന്നു.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ സംസ്ഥാന സ്കൂൾ ഗെയിംസ് നടത്തിപ്പിലെ വീഴ്ച സർക്കാരിന് കടുത്ത നാണക്കേടായിരിക്കുകയാണ്. മേൽക്കൂര തകർന്നു വീണതിന് പുറമെ കായികതാരങ്ങൾക്ക് മലിനജലം കുടിക്കേണ്ടി വന്നതടക്കമുള്ള സംഘാടന പാളിച്ചകളിൽ കായിക മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. എന്നാൽ ഗെയിംസ് നടത്തിപ്പിൽ കായിക വകുപ്പിന് പങ്കില്ലെന്നാണ് കായികമന്ത്രി ഒ.ജെ. ജനീഷിന്റെ മറുപടി.
അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കായികതാരങ്ങളുടെ രക്ഷിതാക്കൾ ഉയർത്തിയ മറ്റ് പരാതികളിൽ വകുപ്പ് മൗനം തുടരുകയാണ്. മേൽക്കൂര തകർന്നതിനെ തുടർന്ന് മാറ്റിവെച്ച നീന്തൽ മത്സരങ്ങൾ ഇനി എന്ന് നടത്തുമെന്ന കാര്യത്തിലും നിലവിൽ അനിശ്ചിതത്വം തുടരുകയാണ്.
