തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം കോൺഗ്രസും യുഡിഎഫും സഹായത്തിനെത്തുന്നുവെന്ന ആരോപണം വീണ്ടും ശക്തമാക്കി ആർ. സുഗതന് കാപ്പ റദ്ദാക്കി പുറത്തിറങ്ങാൻ സാഹചര്യമൊരുക്കിയ നടപടികൾ. കാപ്പ കേസ് പരിഗണിച്ച ഹൈക്കോടതിയിലെ നടപടികളിൽ പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയത്വത്തിനെതിരെയാണ് ഇപ്പോൾ കടുത്ത വിമർശനം ഉയരുന്നത്.
കോടതിയിൽ ജാമ്യവ്യവസ്ഥകളുമായി ബന്ധപ്പെട്ട വാദം നടന്നപ്പോൾ എതിർഭാഗത്തിന്റെ വാദങ്ങളെ ചെറുക്കാൻ ആവശ്യമായ ശക്തമായ രേഖകളോ തെളിവുകളോ പൊലീസിനും പ്രോസിക്യൂഷനും ഹാജരാക്കാനായില്ലെന്നാണ് വിമർശനം. സുഗതന്റെ ക്രിമിനൽ പശ്ചാത്തലവും കാപ്പ തുടരേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താൻ ആവശ്യമായ രേഖകൾ ആഭ്യന്തര വകുപ്പിന്റെ കൈവശമുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
ഇതോടെ പ്രതിയെ സംരക്ഷിക്കുന്ന തരത്തിൽ ആഭ്യന്തര വകുപ്പ് സൃഷ്ടിച്ച പഴുതുകൾ മുതലെടുത്താണ് കാപ്പ റദ്ദാക്കാനും സുഗതന് പുറത്തിറങ്ങാനും അവസരം ലഭിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. കാപ്പ ചുമത്തുന്നതിന് പൊലീസ് പാലിക്കേണ്ട പ്രാഥമിക നടപടിക്രമങ്ങളിൽ പോലും ഗുരുതര വീഴ്ചകളുണ്ടായതായി കോടതി നിരീക്ഷിച്ചെന്നും ഇത് ഒരു കാപ്പ കേസ് പ്രതിയെ സംരക്ഷിക്കാൻ പൊലീസ് തന്നെ ശ്രമിച്ചുവെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്നും വിമർശനം ഉയരുന്നു.
ഹൈക്കോടതി കാപ്പ റദ്ദാക്കിയതിനെ തുടർന്ന് പുറത്തിറങ്ങിയ ബിജെപി കൗൺസിലർ ആർ. സുഗതൻ ഭവനഭേദനം ഉൾപ്പെടെ നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണെന്നാണ് റിപ്പോർട്ട്. ഇവ കേവലം രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളല്ലെന്നും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
2014 മുതൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുഗതന്റെ പേരിൽ ഏകദേശം 22 കേസുകളുണ്ടെന്നാണ് പറയുന്നത്. ഇതിൽ രണ്ടിലേറെ വധശ്രമക്കേസുകളും ഭവനഭേദനം ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മറ്റു കേസുകളും ഉൾപ്പെടുന്നു. 2014ന് ശേഷവും നിരവധി ക്രിമിനൽ കേസുകളിൽ അദ്ദേഹം പ്രതിയായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം യുഡിഎഫും കോൺഗ്രസും രക്ഷകരായി എത്തുന്നുവെന്ന ആരോപണമാണ് ഇതോടെ വീണ്ടും ഉയരുന്നത്. ഭവനഭേദനവും വധശ്രമവും ഉൾപ്പെടെയുള്ള സുഗതന്റെ ക്രിമിനൽ പശ്ചാത്തലം തെളിയിക്കാൻ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യമായ രേഖകൾ ഉണ്ടായിരുന്നിട്ടും അവ കോടതിയിൽ സമർപ്പിക്കാത്തത് മനഃപൂർവമാണെന്ന് ആരോപിക്കാമെന്നാണ് എൽഡിഎഫ് പറയുന്നത്.
നഗരസഭയിലെ ബിജെപിയുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകാതിരിക്കാൻ ആഭ്യന്തര വകുപ്പ് നൽകിയ സഹായം കേവലം നടപടിക്രമ വീഴ്ചയല്ലെന്നും കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്നും എൽഡിഎഫ് ആരോപിക്കുന്നു.
സുഗതനെ കൗൺസിലർ സ്ഥാനത്ത് നിലനിർത്താനും അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാനും മുൻപും യുഡിഎഫ് സർക്കാരും ആഭ്യന്തര വകുപ്പും വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടെന്നാണ് എൽഡിഎഫിന്റെ മറ്റൊരു ആരോപണം. കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുമ്പോൾ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ ജയിലിനകത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകുന്ന തരത്തിൽ ആഭ്യന്തര വകുപ്പ് പ്രത്യേക റിപ്പോർട്ട് നൽകിയിരുന്നുവെന്നും ആരോപണമുണ്ട്.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാകുന്ന സാഹചര്യം വന്നപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് സുഗതന് ആറുമാസത്തെ അവധി അനുവദിച്ച് ഉത്തരവിറക്കിയതായും ചൂണ്ടിക്കാണിക്കുന്നു. അന്ന് തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന കെ.എം. ഷാജിയും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ഇതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് വിവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചുവെന്നും വിമർശനം ഉയർന്നിരുന്നു.
വിയ്യൂർ ജയിലിലെ സത്യപ്രതിജ്ഞയ്ക്കും ആറുമാസത്തെ അവധി ഉത്തരവിനും പിന്നാലെ ഇപ്പോൾ പ്രോസിക്യൂഷന്റെ വീഴ്ചയിലൂടെ കാപ്പ റദ്ദാക്കി സുഗതനെ പുറത്തിറക്കിയതും കോൺഗ്രസ്-ബിജെപി ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ ആരോപണങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നതാണെന്നാണ് എൽഡിഎഫിന്റെ നിലപാട്.
