Home Nationalപ്രതിഷേധം കനക്കുന്നു; ദില്ലിയിൽ 26,000 കേന്ദ്രസേന, ഗ്യാനേഷ് കുമാറിന്റെ Z+ സുരക്ഷ ശക്തമാക്കി

പ്രതിഷേധം കനക്കുന്നു; ദില്ലിയിൽ 26,000 കേന്ദ്രസേന, ഗ്യാനേഷ് കുമാറിന്റെ Z+ സുരക്ഷ ശക്തമാക്കി

by news_desk1
0 comments

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ദില്ലിയിൽ സുരക്ഷ കർശനമാക്കി കേന്ദ്രം. നഗരത്തിൽ ആകെ 26,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. ഇതിന് പുറമെ ഗ്യാനേഷ് കുമാറിന്റെ നിലവിലെ Z+ സുരക്ഷയും കൂടുതൽ ശക്തമാക്കി.

പ്രതിഷേധം ഇന്നും കടുക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് 11,000 അധിക കേന്ദ്രസേനാംഗങ്ങൾ ദില്ലിയിലേക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 CAPF കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ഇതോടെ നഗരത്തിലെ സുരക്ഷയ്ക്കായി ആകെ 26,000 കേന്ദ്രസേനാംഗങ്ങളെത്തും. പ്രതിഷേധത്തിലെ വനിതാ പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ CAPF കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്.

സിജെപി ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചതോടെ പൊലീസ് നടപടികളും കടുപ്പിക്കുകയാണ്. സ്റ്റേഡിയങ്ങൾ താൽക്കാലിക കസ്റ്റഡി കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശ്, ഹരിയാന അതിർത്തികളിൽ പരിശോധനയും ബാരിക്കേഡിംഗും ശക്തമാക്കും.

പ്രതിഷേധക്കാർക്കായി ആളുകളെ എത്തിക്കുന്ന ബസുകളുടെ ബുക്കിംഗും റൂട്ടുകളും പൊലീസ് നിരീക്ഷിക്കും. മെട്രോ സർവീസുകളിലും നിയന്ത്രണം കൊണ്ടുവരും.

അതേസമയം, പ്രതിഷേധസാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. ഇതിന് പിന്നാലെയാണ് നിലവിലുള്ള Z+ സുരക്ഷ കൂടുതൽ ശക്തമാക്കിയത്. ഗ്യാനേഷ് കുമാറിന്റെ വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക സുരക്ഷ ഏർപ്പെടുത്തി. വസതിക്ക് സമീപം അധിക അർധസൈനിക സേനയെയും വിന്യസിച്ചിട്ടുണ്ട്.

ദില്ലിയിലെയും ആഗ്രയിലെയും ഗ്യാനേഷ് കുമാറിന്റെ വസതികളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി.

You may also like