തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേട് വിവാദത്തിൽ പുനർമൂല്യനിർണയം നടത്തിയ ശേഷമുള്ള പുതുക്കിയ റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് പുതിയ പട്ടികയിൽ ഒന്നാം റാങ്ക്. നേരത്തേ ഒന്നാം റാങ്ക് നേടിയ അരുൺ ജെ. പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പത്ത് ഉത്തരങ്ങൾ വീണ്ടും പരിശോധിച്ചതോടെയാണ് മാർക്കിൽ വലിയ വ്യത്യാസമുണ്ടായത്.
പെർസ്പെക്റ്റീവ് പ്ലാനിങ് വിഭാഗത്തിന്റെ റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. ഒരാളെ മാത്രം ഉൾപ്പെടുത്തിയുള്ള പട്ടികയ്ക്കെതിരെ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് പി.എസ്.സി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. വെള്ളിയാഴ്ച നാല് ഉദ്യോഗാർഥികൾ നൽകിയ ഹർജിയിൽ നിയമനം അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ റാങ്ക് പട്ടികയിൽ മാറ്റമില്ല. നേരത്തേ ഒന്നാം റാങ്ക് നേടിയ സജിമോൻ തന്നെയാണ് പുതുക്കിയ പട്ടികയിലും ഒന്നാമത്.
ആസൂത്രണ ബോർഡിലേക്കുള്ള പി.എസ്.സി പരീക്ഷകളിലെ മൂല്യനിർണയ ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയർന്നത് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷനിലെ തസ്തികകളിലേക്കുള്ള പൊതുപരീക്ഷയിലാണ്. പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെ ചുരുക്കപ്പട്ടിക തയ്യാറാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് ഒന്നാം റാങ്കുകാരന് വേഗത്തിൽ നിയമനവും നൽകി. വിവരാവകാശ രേഖകളിലൂടെ ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു.
ആദ്യം ക്രമക്കേട് തള്ളിയ പി.എസ്.സി പിന്നീട് പുനർമൂല്യനിർണയത്തിനും ആഭ്യന്തര അന്വേഷണത്തിനും തീരുമാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്.
വിവരാവകാശ നിയമപ്രകാരമുള്ള ശ്യാം കൃഷ്ണന്റെ പോരാട്ടമാണ് ക്രമക്കേട് പുറത്തുകൊണ്ടുവരുന്നതിൽ നിർണായകമായത്. ഫലം വന്നപ്പോൾതന്നെ മൂല്യനിർണയത്തിൽ സംശയം തോന്നിയിരുന്നെന്നും സത്യം കണ്ടെത്താനാണ് പരാതിയുമായി മുന്നോട്ടുപോയതെന്നും ശ്യാം കൃഷ്ണൻ പ്രതികരിച്ചു. മൂന്ന് വർഷത്തിലേറെ നീണ്ട പോരാട്ടത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
