Home Nationalഡൽഹിയിൽ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കയ്യേറ്റം

ഡൽഹിയിൽ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കയ്യേറ്റം

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. റിപ്പോർട്ടർ സുഹൈൽ മുഹമ്മദിനെയും ക്യാമറാമാൻ വി.എസ്. രാഹുലിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കാനുള്ള കാരണം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ സുഹൈൽ മുഹമ്മദിന്റെ കഴുത്തിൽ പിടിച്ച് പൊലീസ് വാഹനത്തിലേക്ക് ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. ക്യാമറ പിടിച്ചുവാങ്ങിയെന്നും മൈക്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വലിച്ചെറിഞ്ഞെന്നും വി.എസ്. രാഹുൽ പ്രതികരിച്ചു. ബലപ്രയോഗത്തിനിടെ ഇരുവരെയും പൊലീസ് ചവിട്ടിയതായും പരാതിയുണ്ട്.

കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകുന്ന വാഹനത്തിൽ വനിതാ മാധ്യമപ്രവർത്തകരുമുണ്ട്. വാഹനത്തിനുള്ളിൽ രണ്ട് വനിതാ പൊലീസുകാർ മാത്രമാണുള്ളതെന്നും റിപ്പോർട്ടുണ്ട്.

കൊണാട്ട് പ്ലേസിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി സമരക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കുന്നതിനിടെയാണ് പ്രദേശത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുത്തത്. പ്രതിഷേധം റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ വിമർശനം ഉയരുന്നുണ്ട്.

You may also like