Home Nationalയുദ്ധക്കളമായി സുപ്രീം കോടതി പരിസരം; ബാരിക്കേടുകൾ തകർത്ത് ഇന്ത്യ സഖ്യത്തിന്റെ ‘ദില്ലി ചലോ’ മാർച്ച്

യുദ്ധക്കളമായി സുപ്രീം കോടതി പരിസരം; ബാരിക്കേടുകൾ തകർത്ത് ഇന്ത്യ സഖ്യത്തിന്റെ ‘ദില്ലി ചലോ’ മാർച്ച്

by news_desk
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്‌ക്കെതിരെയും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദില്ലി ചലോ’ മാർച്ച് രാജ്യതലസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാക്കി. സുപ്രീം കോടതിക്ക് വെറും 200 മീറ്റർ അകലെ വൻതോതിൽ ബാരിക്കേഡുകൾ തീർത്ത് ഡൽഹി പോലീസ് പ്രകടനം തടഞ്ഞതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി.

ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ മുന്നേറിയ പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ചത് പോലീസുമായി ശക്തമായ ഉന്തുംതള്ളതിനും ഏറ്റുമുട്ടലിനും കാരണമായി. ഫുട്പാത്തുകളിൽ നിന്നവരെ പോലും പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചതും പ്രവർത്തകരെ വലിച്ചിഴച്ചുകൊണ്ടുപോയതും സ്ഥിതി കൂടുതൽ വഷളാക്കി. സംഘർഷം ഒഴിവാക്കാൻ നേതാക്കൾ നിരന്തരം സയമം പാലിക്കാൻ ആഹ്വാനം ചെയ്തെങ്കിലും തലസ്ഥാനത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ തുടരുകയാണ്.

പ്രതിഷേധ മാർച്ചതിനിടയിൽ സുപ്രീം കോടതിയിൽ നിർണായക നീക്കവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വൈകുന്നേരം 4:45-ഓടെ രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി അഭിഭാഷകർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷിനെതിരെ ഔദ്യോഗികമായി ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ അടക്കമുള്ള ഏകപക്ഷീയമായ തീരുമാനങ്ങളും നടപടികളും ചോദ്യം ചെയ്തുകൊണ്ടാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഡി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങി ഇന്ത്യ സഖ്യത്തിലെ മുൻനിര നേതാക്കളെല്ലാം അണിനിരന്ന മാർച്ച് രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

You may also like