Home Nationalരാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം, വിചാരണ നടപടികൾക്ക് സ്റ്റേ

രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയുടെ ആശ്വാസം, വിചാരണ നടപടികൾക്ക് സ്റ്റേ

by news_desk1
0 comments

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസിൽ വിചാരണക്കോടതിയുടെ തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി നാലാഴ്ചയ്ക്കകം മറുപടി നൽകാനും നിർദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്മാരുടെ രാജാവ്’, ‘കമാൻഡർ ഇൻ ചീഫ്’ തുടങ്ങിയ പരാമർശങ്ങളിലൂടെ വിശേഷിപ്പിച്ചെന്നാരോപിച്ചാണ് രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിൽ സ്വകാര്യ പരാതി നൽകിയത്. പരാമർശം പ്രധാനമന്ത്രിയെയും അതുവഴി ബിജെപി പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്നതാണെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിലാണ് ഇപ്പോൾ വിചാരണക്കോടതിയുടെ തുടർനടപടികൾക്ക് സുപ്രീംകോടതി താൽക്കാലികമായി തടയിട്ടിരിക്കുന്നത്.

ബിജെപി പ്രവർത്തകനായ മഹേഷ് ശ്രീമാലാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസിനെതിരെയും രാഹുൽ ഗാന്ധി നിയമനടപടി സ്വീകരിച്ചിരുന്നു.

ട്വീറ്റിൽ ബിജെപിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും വ്യക്തമായി തിരിച്ചറിയാവുന്ന ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നുമാണ് രാഹുൽ ഗാന്ധിയുടെ വാദം. അതിനാൽ പരാതിക്കാരന് കേസ് നടത്താനുള്ള അവകാശമില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് രാഹുൽ ഗാന്ധിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. എതിർകക്ഷികളുടെ മറുപടി ലഭിക്കുന്നതുവരെ വിചാരണക്കോടതിയിലെ നടപടികൾ നിർത്തിവയ്ക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.

You may also like