Home Kerala‘ക്രിമിനൽ പൊലീസുകാരെ കയറൂരി വിടരുത്’; എസ്‌എഫ്‌ഐ മർദനത്തിൽ സർക്കാരിനെതിരെ പിണറായി

‘ക്രിമിനൽ പൊലീസുകാരെ കയറൂരി വിടരുത്’; എസ്‌എഫ്‌ഐ മർദനത്തിൽ സർക്കാരിനെതിരെ പിണറായി

by news_desk1
0 comments

പാലക്കാട്: മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ എസ്‌എഫ്‌ഐ വിദ്യാർഥികളെ ഇടിവളയിട്ട് മർദിച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഭവം നാടിനെ ഞെട്ടിക്കുന്നതാണെന്നും ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ അഴിച്ചുവിടുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

എസ്‌ഐആർ വിഷയത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ സംഘപരിവാർ മാതൃകയിൽ ലാത്തിയും ലഹരിയും ഉപയോഗിച്ച് ക്രിമിനലുകളെക്കൊണ്ട് അടിച്ചമർത്താനാണ് സംസ്ഥാനത്തെ യുഡിഎഫ് സർക്കാരും ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ ആക്രമിക്കുന്ന ഇത്തരം നടപടികൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരുന്നത് ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണെന്നും പിണറായി വിമർശിച്ചു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി സമരം ചെയ്യുന്ന വിദ്യാർഥികളെ മർദിക്കാൻ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിക്കുന്നതുവരെ കാത്തിരിക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

സംഘപരിവാറിന്റെ ഫാസിസ്റ്റ് നയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നേരിടേണ്ടിവരുമെന്നും പിണറായി മുന്നറിയിപ്പ് നൽകി.

You may also like