Home Keralaകുളപ്പുള്ളിയിൽ എംഡിഎംഎ വേട്ട; പിന്നാലെ കൊപ്പത്ത് പരിശോധന, വീട്ടിൽനിന്ന് 17.8 ഗ്രാം ലഹരിമരുന്നും അഞ്ച് ലക്ഷം രൂപയും പിടികൂടി

കുളപ്പുള്ളിയിൽ എംഡിഎംഎ വേട്ട; പിന്നാലെ കൊപ്പത്ത് പരിശോധന, വീട്ടിൽനിന്ന് 17.8 ഗ്രാം ലഹരിമരുന്നും അഞ്ച് ലക്ഷം രൂപയും പിടികൂടി

by news_desk1
0 comments

പാലക്കാട്: കുളപ്പുള്ളിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൊപ്പത്തെ വീട്ടിൽനിന്ന് വൻ ലഹരിമരുന്ന് ശേഖരവും പണവും കണ്ടെത്തി. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17.8 ഗ്രാം എംഡിഎംഎയും അഞ്ച് ലക്ഷം രൂപയുമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊപ്പം മുളയങ്കാവ് റോഡിലെ ചോലക്കൽ വീട്ടിൽ നബീൽ റഹ്മാൻ (25) അറസ്റ്റിലായി.

തിങ്കളാഴ്ച വൈകിട്ട് ഏഴോടെ കുളപ്പുള്ളി കെഎസ്ഇബി ഓഫീസിന് സമീപത്തുനിന്നാണ് ഷൊർണൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് രണ്ട് യുവാക്കളെ പിടികൂടിയത്. ഷൊർണൂർ ഗണേശഗിരി ഷാ മൻസിലിൽ ഷബീർ (40), ഒറ്റപ്പാലം പൂളക്കുണ്ട് കൊരട്ടിയിൽ ഷാനിഫ് (31) എന്നിവരിൽനിന്ന് നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ഇരുവർക്കും എംഡിഎംഎ എത്തിച്ചുനൽകിയത് നബീൽ റഹ്മാനാണെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊപ്പം പൊലീസ് മുളയങ്കാവ് റോഡിൽ പെട്രോൾ പമ്പിന് സമീപമുള്ള നബീലിന്റെ വീട്ടിൽ പരിശോധന നടത്തി. ഇവിടെനിന്നാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17.8 ഗ്രാം എംഡിഎംഎയും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തത്.

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപ്പന നടത്താനാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നബീൽ റഹ്മാൻ നേരത്തെയും ലഹരിമരുന്ന് കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒറ്റപ്പാലത്ത് രജിസ്റ്റർ ചെയ്ത മറ്റൊരു എൻഡിപിഎസ് കേസിലും ഷബീറും ഷാനിഫും പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.

കുളപ്പുള്ളിയിൽ പിടിയിലായ ഷബീറിന്റെയും ഷാനിഫിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇവരെ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

You may also like