Home Localവീടാകെ മുളകുപൊടി വിതറിയ നിലയിൽ,79കാരി സാവിത്രിയുടെ ശരീരത്തിലുണ്ടായിരുന്ന 16 പവൻ സ്വർണം കാണാനില്ല

വീടാകെ മുളകുപൊടി വിതറിയ നിലയിൽ,79കാരി സാവിത്രിയുടെ ശരീരത്തിലുണ്ടായിരുന്ന 16 പവൻ സ്വർണം കാണാനില്ല

by news_desk1
0 comments

തൃശൂർ: പട്ടാപ്പകൽ വീട്ടിൽ കയറി 79കാരിയായ സാവിത്രിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂർ കാറളത്തെ വീട്ടിൽനിന്ന് സാവിത്രി ധരിച്ചിരുന്ന 16 പവനോളം സ്വർണം നഷ്ടമായതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. വീടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലും കൊലയാളിയുടേതെന്ന് സംശയിക്കുന്ന കൈയുറ കണ്ടെത്തിയ നിലയിലുമാണ്.

അഞ്ച് വളകൾ, അഞ്ച് പവന്റെ മാല, മോതിരങ്ങൾ എന്നിവയുൾപ്പെടെ സാവിത്രിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സാരിത്തലപ്പുകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.

ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് പകൽസമയത്ത് കൊലപാതകം നടന്നത്. സംഭവസമയത്ത് സാവിത്രി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് വിജയനൊപ്പം മകനും മരുമകളും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വൈകിട്ട് നാലേകാലോടെ ചെറുമകൾ റിതിക വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുത്തശ്ശിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിൽ കണ്ടെത്തിയതും സംശയിക്കുന്ന കൈയുറ ലഭിച്ചതും അന്വേഷണത്തിൽ നിർണായക സൂചനകളായാണ് പൊലീസ് കാണുന്നത്. തെളിവുകൾ ശേഖരിക്കുന്നതിനായി ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. പ്രദേശവാസികളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകത്തിന് പിന്നിൽ ആരാണെന്നും നഷ്ടപ്പെട്ട സ്വർണം എവിടെയാണെന്നും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ലഭ്യമായ തെളിവുകളും മൊഴികളും പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like