കുവൈത്ത്: ഹോർമുസ് കടലിടുക്കിൽ കുവൈറ്റ് പതാകയേന്തിയ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായതായി സംശയം. ആക്രമണത്തെത്തുടർന്ന് എംടി അൽ ദസ്മ കപ്പലിൽ തീപിടിത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യക്കാരടക്കം എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് അധികൃതർ അറിയിച്ചത്. സംഭവത്തിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ ഇടപെട്ടു. ഹോർമുസ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു.
ഒമാൻ തീരത്തുനിന്ന് ബുഖായ്ക്കിന് പടിഞ്ഞാറ് 11 നോട്ടിക്കൽ മൈൽ അകലെ ഒക്ടോബർ 21നാണ് ആക്രമണമുണ്ടായതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് കപ്പലിൽ പടർന്ന തീ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അണച്ചതായാണ് റിപ്പോർട്ട്. കപ്പൽ ഇപ്പോഴും സംഭവസ്ഥലത്തുതന്നെയാണെന്നാണ് വിവരം.
ഷിപ്പിങ് കമ്പനിയുമായി ബന്ധപ്പെട്ടുവരികയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി സോനോവാൾ എക്സിലൂടെ അറിയിച്ചു. കടലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയ്ക്ക് സർക്കാർ ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള എണ്ണവ്യാപാരത്തെയും സമുദ്രഗതാഗതത്തെയും ബാധിക്കുമെന്ന ആശങ്കയ്ക്കിടെയാണ് പുതിയ ആക്രമണം. എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. എന്നാൽ, അൽ ദസ്മയ്ക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇതിന് മുൻപും മേഖലയിൽ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾ ആക്രമണത്തിനിരയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒക്ടോബർ 16ന് 15 ഇന്ത്യൻ നാവികരുണ്ടായിരുന്ന എംടി എസ്ടി 3 എണ്ണക്കപ്പലിനും ഒക്ടോബർ 14ന് ഒൻപത് ഇന്ത്യൻ നാവികരുണ്ടായിരുന്ന യര ജെ ചരക്കുകപ്പലിനും നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. ഈ കപ്പലുകളിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചിരുന്നു.
ഹോർമുസ് മേഖലയിലെ കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും വാണിജ്യ കപ്പൽഗതാഗതം തടസ്സമില്ലാതെ തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
