Home Kerala‘മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി’; വീണാ ജോർജ് കേസിൽ വഴിത്തിരിവ്

‘മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി’; വീണാ ജോർജ് കേസിൽ വഴിത്തിരിവ്

by news_desk1
0 comments

തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി വനിതാ എസ്‌ഐ ദീപ്തി. കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ തന്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്‌ഐയായ ദീപ്തി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) അറിയിച്ചു. ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടുപോലുമില്ലെന്നും അവർ മൊഴി നൽകിയതായാണ് വിവരം. കേസിലെ ആദ്യഘട്ട അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ വെളിപ്പെടുത്തൽ.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദീപ്തി. പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിലുള്ള മൊഴി തന്റെ പേരിൽ രേഖപ്പെടുത്തിയതിനെക്കുറിച്ച് എസ്‌ഐടിക്ക് മുന്നിൽ അവർ വിശദീകരണം നൽകിയെന്നാണ് റിപ്പോർട്ട്. കേസിന്റെ തുടർ അന്വേഷണത്തിൽ ഈ മൊഴി നിർണായകമായേക്കും.

അതിനിടെ, കേസിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണം നേരിടുന്ന വീണാ ജോർജിന്റെ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്യാനുള്ള റിപ്പോർട്ട് എസ്‌ഐടി ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന അഭിലാഷിന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

എന്നാൽ, പിന്നീട് എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ അഭിലാഷ് നിലപാട് മാറ്റി. വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നായിരുന്നു പുതിയ മൊഴി. മന്ത്രിയുടെ നിർദേശപ്രകാരമാണ് നേരത്തെ തെറ്റായ മൊഴി നൽകിയതെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. മൊഴിമാറ്റത്തെ എസ്‌ഐടി ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഡിജിപിക്ക് നൽകുമെന്നാണ് സൂചന.

സംഭവത്തിൽ വീണാ ജോർജ് മാപ്പ് പറയണമെന്ന ആവശ്യവുമായി എംഎൽഎ അബിൻ വർക്കിയും രംഗത്തെത്തി. അതേസമയം, കേസിൽ പ്രതികളായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചുപേരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. എസ്‌ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധദിവസം നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ ഇവരിൽനിന്ന് ശേഖരിച്ചത്.

ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് ഇൻസ്‌പെക്ടറുടെ മൊഴിയും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ

You may also like