ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രണ്ടാം ഘട്ടത്തിലേക്ക്. ‘ജനാധിപത്യത്തെ തിരികെ പിടിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഡൽഹിയിൽ ഇന്ന് ‘പീപ്പിൾ എഗെയിൻസ്റ്റ് എസ്ഐആർ’ ഫോറത്തിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ച് സംഘടിപ്പിക്കും. കർഷക സംഘടനകൾ കൂടി പ്രതിഷേധത്തിന്റെ ഭാഗമാകുന്നതോടെ സമരത്തിന് കൂടുതൽ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, വിദ്യാർഥി നേതാക്കളായ ഐഷി ഘോഷ്, നേഹ ബോറ, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ തുടങ്ങിയ പ്രമുഖർ മാർച്ചിന് നേതൃത്വം നൽകുമെന്നാണ് വിവരം. കർഷക നേതാവ് രാകേഷ് ടിക്കായത്തും മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധിയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, മാർച്ചിന് ഡൽഹി പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. അതിനാൽ പ്രതിഷേധം തടയുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ് ശക്തമാക്കിയേക്കും. ഉച്ചയോടെ കൊണാട്ട് പ്ലേസിൽ എത്തുന്നതിന് മുമ്പ് തന്നെ മാർച്ച് തടയാനാണ് പൊലീസിന്റെ നീക്കമെന്നാണ് വിവരം.
സി.ജെ.പി. നേതാക്കളും കൂട്ടായ്മയുടെ ഭാഗമാണെങ്കിലും ഇന്നത്തെ മാർച്ചിൽ പങ്കെടുത്തേക്കില്ല. ജാമ്യവ്യവസ്ഥകളിൽ സമാധാന ബോണ്ടും ഉൾപ്പെട്ട സാഹചര്യത്തിൽ, വീണ്ടും അറസ്റ്റിനുള്ള നീക്കമുണ്ടായേക്കുമെന്ന ആശങ്കയെ തുടർന്നാണ് താൽക്കാലികമായി മാറിനിൽക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. മാർച്ചിൽ പങ്കെടുക്കാൻ ഇന്ത്യാ സഖ്യത്തെയും ക്ഷണിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കേരളത്തിലും ശക്തമാകും. ഉച്ചയോടെ ഇടത് വിദ്യാർഥി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ലോക്ഭവനിലേക്ക് മാർച്ച് നടത്തും. എസ്എഫ്ഐ, എഐഎസ്എഫ്, കെഎസ്സി(എം), എസ്എസ്ഐ, എഐഡിഎസ്ഒ തുടങ്ങിയ സംഘടനകൾ മാർച്ചിൽ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ തലസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജൻ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, എസ്യുസിഐ സെക്രട്ടറി ജെയ്സൺ ജോസഫ് തുടങ്ങിയവരും പങ്കെടുക്കും.
കേരള ഗവർണറായി ഓം പ്രകാശ് മാത്തൂർ ചുമതലയേൽക്കുന്ന ദിവസം തന്നെയാണ് തലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നത് എന്നതും ശ്രദ്ധേയമാണ്. ഡൽഹിയിലും കേരളത്തിലും ഒരേസമയം ഉയരുന്ന സമരങ്ങൾ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് പുതിയ രാഷ്ട്രീയ ശ്രദ്ധ നൽകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
