Home Keralaകുട്ടികളെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ നിർമിക്കുന്നതായി സൂചന; പുതിയ വിഡിയോകൾക്കായി സമൂഹമാധ്യമങ്ങളിൽ രഹസ്യഗ്രൂപ്പുകൾ, ഓപ്പറേഷൻ പി ഹണ്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

കുട്ടികളെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ നിർമിക്കുന്നതായി സൂചന; പുതിയ വിഡിയോകൾക്കായി സമൂഹമാധ്യമങ്ങളിൽ രഹസ്യഗ്രൂപ്പുകൾ, ഓപ്പറേഷൻ പി ഹണ്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

by news_desk1
0 comments

തൃശൂർ: കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തുന്ന വിവരങ്ങളുമായി കേരള പൊലീസിന്റെ ഓപ്പറേഷൻ പി ഹണ്ട്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ നിർമിക്കുന്നതായും അവ സമൂഹമാധ്യമങ്ങളിലെ രഹസ്യഗ്രൂപ്പുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നതായും പൊലീസിന് വിവരം ലഭിച്ചു. കുട്ടികൾ അറിയാതെയോ സമ്മതമില്ലാതെയോ ചിത്രീകരിക്കപ്പെടുന്ന ദൃശ്യങ്ങളും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ടെന്നാണ് സൂചന.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തുന്നതിനായി കേരള പൊലീസ് നടത്തുന്ന പരിശോധനകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇത്തരം ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നതിനായി മാത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യേക ഗ്രൂപ്പുകൾ സജീവമാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

ഗ്രൂപ്പുകളിൽ അംഗത്വം നിലനിർത്താൻ പുതിയ വിഡിയോകൾ പങ്കുവയ്ക്കണമെന്ന നിബന്ധനയുള്ളതായും വിവരമുണ്ട്. ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന പഴയ ദൃശ്യങ്ങൾ വീണ്ടും പങ്കുവയ്ക്കുന്നത് അംഗീകരിക്കില്ലെന്നും പുതിയ ദൃശ്യങ്ങൾ നൽകാത്തവരെ ഗ്രൂപ്പിൽനിന്ന് പുറത്താക്കുമെന്നും പറയപ്പെടുന്നു. ഇതോടെ പുതിയ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നതായാണ് പൊലീസിന്റെ നിഗമനം. പരിചയത്തിലുള്ളവരോ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരോ ആയ കുട്ടികൾ ഇരകളാകാനുള്ള സാധ്യതയും ഇതിലൂടെ വർധിക്കുന്നു.

കുട്ടികളെ ഇത്തരം ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കാൻ ജാഗ്രതയും ബോധവൽക്കരണവും അനിവാര്യമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ ഓൺലൈനിൽ ഇടപെടുന്ന രീതികൾ നിരീക്ഷിക്കാനും അപരിചിതരുമായി സ്വകാര്യ വിവരങ്ങളോ ചിത്രങ്ങളോ പങ്കുവയ്ക്കുന്നതിന്റെ അപകടങ്ങൾ ബോധ്യപ്പെടുത്താനും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ട്.

കേരള പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പരിശോധനകൾ നടത്തുന്നത്. സംസ്ഥാനത്ത് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് എണ്ണായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നാനൂറിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും പങ്കുവയ്ക്കുന്നതും പോക്സോ നിയമപ്രകാരം കടുത്ത നിയമനടപടികൾക്ക് ഇടയാക്കും. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർക്കെതിരെ മാത്രമല്ല, ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമം കർശനമാണ്.

You may also like