ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഷഹ്ദര ജില്ലയിലെ കൃഷ്ണ നഗറിലുള്ള സ്കൂൾ വളപ്പിൽ 17 വയസ്സുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. സർവോദയ കന്യാ വിദ്യാലയത്തിലെ ഗാർഡ് റൂമിന് പിന്നിലാണ് പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി സ്വയം തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
ശരീരത്തിൽ പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ചാണ് പെൺകുട്ടി തീകൊളുത്തിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രാഥമിക അന്വേഷണത്തിനിടെ പെൺകുട്ടിയുടെ സ്കൂൾ ബാഗിൽനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. സംശയാസ്പദമായ ചില വസ്തുക്കളും ബാഗിലുണ്ടായിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും അവ എന്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഉച്ചയ്ക്ക് 1.40ഓടെയാണ് സ്കൂളിൽനിന്ന് വിവരം ലഭിച്ചതെന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. രാവിലെ സന്തോഷത്തോടെ പുഞ്ചിരിച്ചാണ് സഹോദരി സ്കൂളിലേക്ക് പോയതെന്നും അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിന്റെ സാഹചര്യങ്ങളും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
