കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ച കേസിൽ കാർ ഓടിച്ച 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ ആഭ്യന്തരമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം ഡിജിപിയെ അറിയിച്ച മന്ത്രി രമേശ് ചെന്നിത്തല, പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായാണ് വിവരം. 17കാരനെതിരെ നരഹത്യാ വകുപ്പും ചുമത്തി.
അഡീഷണൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മഴ കാരണം മുന്നിലുണ്ടായിരുന്ന വാഹനം കാണാനായില്ലെന്നാണ് 17കാരന്റെ മൊഴി. പ്രായപൂർത്തിയാകാത്ത മകന് വാഹനം കൈമാറിയതിന് ജഡ്ജിക്കെതിരെയും കേസെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അതിനിടെ, കേസിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തി. അപകടവിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ജഡ്ജി കയർത്തു സംസാരിച്ചെന്ന് ബന്ധു ആരോപിച്ചു. 17കാരന്റെ ചിത്രം പകർത്തിയപ്പോൾ അത് ഉടൻ ഡിലീറ്റ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും ഫോൺ പിടിച്ചുവാങ്ങി ചിത്രം നീക്കിയതായും ബന്ധു പറഞ്ഞു.
റോഡിലെ വെള്ളക്കെട്ടാണ് അപകടത്തിന് കാരണമെന്നായിരുന്നു ജഡ്ജിയുടെ വിശദീകരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, അപകടം നടന്ന കണ്ടെയ്നർ റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്നും അവർ വ്യക്തമാക്കി.
പുലർച്ചെ തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണനെ അമിതവേഗത്തിലെത്തിയ ബെൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം ദൂരേക്ക് തെറിച്ചുവീണു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിനും സ്കൂട്ടറിനും സംഭവിച്ച കേടുപാടുകൾ ഇടിയുടെ ആഘാതം വ്യക്തമാക്കുന്നതാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
അപകടത്തിനു പിന്നാലെ ബെൻസ് കാർ സ്ഥലത്തുനിന്ന് മാറ്റി സർവീസ് റോഡിലേക്ക് ഇറക്കിയതായും വാഹനത്തിന്റെ നമ്പർ നീക്കം ചെയ്തതായും ആരോപണമുണ്ട്. കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ മാറ്റിയതെന്തിനെന്ന സംശയവും കുടുംബം ഉന്നയിച്ചു. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബെൻസിന്റെ വാഹന നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
