Home Keralaപയ്യാമ്പലം ഫ്ലാറ്റിൽ തീപിടിത്തം; ഇടുങ്ങിയ റോഡിൽ അഗ്നിരക്ഷാസേനയും വലഞ്ഞു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പയ്യാമ്പലം ഫ്ലാറ്റിൽ തീപിടിത്തം; ഇടുങ്ങിയ റോഡിൽ അഗ്നിരക്ഷാസേനയും വലഞ്ഞു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

by news_desk1
0 comments

കണ്ണൂർ: പയ്യാമ്പലം കനിയിൽപാലം റോഡിലെ റെയിൻബോ അപ്പാർട്മെന്റിൽ തീപിടിത്തം. ഒൻപതാം നിലയിലെ സി വിൻഡ് ബ്ലോക്കിലുള്ള 9സി വൺ ഫ്ലാറ്റിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താമസക്കാർ പുറത്തുപോയ സമയത്തുണ്ടായ തീപിടിത്തത്തിൽ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വൻ ദുരന്തം ഒഴിവായി. എന്നാൽ അപ്പാർട്മെന്റിലേക്കുള്ള ഇടുങ്ങിയ റോഡും സ്ഥലപരിമിതിയും അഗ്നിരക്ഷാസേനയുടെ പ്രവർത്തനം ദുഷ്കരമാക്കി.

രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തീയണയ്ക്കാൻ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി. റീജണൽ ഫയർ ഓഫിസർ എം.ജി. രാജേഷ്, സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പരിശോധനയ്ക്കുശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

അപ്പാർട്മെന്റിന് സമീപത്തെ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ജീവനക്കാരാണ് ആദ്യം പുക ഉയരുന്നത് ശ്രദ്ധിച്ചത്. ആശുപത്രിയിലെ ഫയർ ആൻഡ് സേഫ്റ്റി ഇൻചാർജ് കൃഷ്ണപ്രസാദ് സ്ഥലത്തെത്തി അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. രക്ഷാപ്രവർത്തനത്തിനിടെ കൈയ്ക്ക് മുറിവേറ്റ കൃഷ്ണപ്രസാദും സഹപ്രവർത്തകരും അതേ നിലയിലെ താമസക്കാരായ അനൂപിനെയും സുശീലയെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും പുക കെട്ടിടമാകെ വ്യാപിച്ചിരുന്നു. ഫ്ലാറ്റുകളിലെ താമസക്കാരെ സുരക്ഷിതമായി താഴേക്ക് മാറ്റുന്നതിനുള്ള നടപടികളും തുടർന്നു. ഇടുങ്ങിയ റോഡിലൂടെ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ അപ്പാർട്മെന്റിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.

തീപിടിത്തമുണ്ടായ ഫ്ലാറ്റിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നവരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവർ രാവിലെ ജോലിക്കായി പുറത്തുപോയിരിക്കുകയായിരുന്നു. ഫ്ലാറ്റിലെ സെൻട്രൽ ഹാളും കിടപ്പുമുറിയും കത്തിനശിച്ചു. വയറിങ് പൂർണമായും കത്തുകയും ജനൽച്ചില്ലുകൾ തകരുകയും ചെയ്തു.

You may also like