പത്തനംതിട്ട: ബന്ധുക്കളാണെന്ന് പരിചയപ്പെടുത്തി കാറിൽ കയറാൻ ആവശ്യപ്പെട്ടു; കുട്ടികൾ നിലവിളിച്ച് ഓടിയതോടെ സംഘം കടന്നുകളഞ്ഞു. പത്തനംതിട്ടയിലെ അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരേ സംഘമാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
തിങ്കളാഴ്ച വൈകീട്ടാണ് അടൂർ പഴകുളത്ത് ഒമ്പത് വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. മദ്രസയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികൾ കനാൽ റോഡിലെ കാടുപിടിച്ച ഭാഗത്തെത്തിയപ്പോഴാണ് കാർ സമീപത്തെത്തിയത്. കാറിലുണ്ടായിരുന്ന സ്ത്രീയും പുരുഷനും കുട്ടികളോട് തങ്ങൾ ബന്ധുക്കളാണെന്നും ഉമ്മയെ അറിയാമെന്നും പറഞ്ഞ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടതായി കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ കൊണ്ടുവിടാമെന്നും ഇവർ പറഞ്ഞതായാണ് വിവരം.
എന്നാൽ കുട്ടികൾ നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ട സമീപവാസിയായ സ്ത്രീ ബഹളംവച്ചതോടെ സംഘം കാർ വേഗത്തിൽ ഓടിച്ചുപോയി. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
ഇതേ ദിവസം രാവിലെ കൊടുമൺ അങ്ങാടിക്കലിലെ ഒറ്റത്തേക്ക് കൊച്ചുകൽ ജംഗ്ഷനിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി ഉയർന്നിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെയാണ് കാറിലെത്തിയ സ്ത്രീയും പുരുഷനും സമീപിച്ചത്. സ്കൂളിൽ എത്തിച്ചുതരാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. ഇതോടെ ഇരുവരും ശ്രമം ഉപേക്ഷിച്ച് മടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ട് സംഭവങ്ങളിലും കാറിലെത്തിയ സ്ത്രീയും പുരുഷനും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരേ സംഘമാണോ പിന്നിലെന്ന് പൊലീസ് പരിശോധിക്കുന്നത്. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവങ്ങളിൽ ദുരൂഹത നീക്കാനും പ്രതികളെ തിരിച്ചറിയാനുമുള്ള നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
