കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ പ്രതിയായ 17കാരന്റെ പിതാവും അഡീഷനൽ ജില്ലാ ജഡ്ജിയുമായ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. മകൻ യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും താനറിയാതെയാണ് ബെൻസ് കാറുമായി വീട്ടിൽനിന്ന് ഇറങ്ങിയതെന്നുമാണ് ജഡ്ജിയുടെ മൊഴിയെന്നാണ് വിവരം.
മകൻ ഡ്രൈവിങ് പഠിച്ചിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും താൻ ഉറങ്ങിക്കിടന്ന സമയത്താണ് കാർ എടുത്തുപോയതെന്നുമാണ് ജഡ്ജി അന്വേഷണസംഘത്തോട് പറഞ്ഞത്. ഞായറാഴ്ചകളിൽ വൈകിയാണ് ഉറക്കമുണരാറുള്ളതെന്നും മകൻ കാറുമായി പോയത് തന്റെ അറിവോടെയല്ലെന്നും മൊഴിയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
കേസിൽ ജഡ്ജിയെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് മരിച്ചയാളുടെ കുടുംബം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്നാണ് പൊലീസ് ജഡ്ജിക്കെതിരെ കേസെടുത്തത്. അന്വേഷണസംഘം നേരത്തേ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും ഔദ്യോഗികമായി മൊഴി രേഖപ്പെടുത്താൻ ജഡ്ജി സമ്മതിച്ചിരുന്നില്ലെന്നാണ് വിവരം.
അതിനിടെ, 17കാരന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതും അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന്റെ വീഡിയോകൾ ഉൾപ്പെടെ ഈ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നുവെന്നാണ് വിവരം. തെളിവുകൾ ഇല്ലാതാക്കാനാണോ അക്കൗണ്ട് നീക്കം ചെയ്തതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, കേസിൽ നിർണായകമായ എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 17കാരന്റെ ഫോണിൽനിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അപകടത്തിന് തൊട്ടുമുമ്പ് ചിത്രീകരിച്ചതെന്ന് കരുതുന്ന ദൃശ്യങ്ങളിൽ കാർ മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതായി കാണുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ചുമതലയുള്ള അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെ തിങ്കളാഴ്ചയാണ് പൊലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പ്രതിയായ 17കാരൻ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് വ്യക്തമാക്കിയിരുന്നു.
