തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്തർസംസ്ഥാന ലൈംഗിക ചൂഷണ ശൃംഖലയിലെ ഇടനിലക്കാരിയെന്ന് സംശയിക്കുന്ന ബെംഗളൂരു സ്വദേശിനി വാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെത്തിയ അന്വേഷണസംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെത്തിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പാ നടത്തിപ്പുകാർക്ക് പരിചയപ്പെടുത്തുന്നതിലും ഇടനിലക്കാരിയായി പ്രവർത്തിക്കുന്നതിലും വാണിക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയുടെ ഇളയമ്മയ്ക്ക് ബെംഗളൂരുവിൽ വീടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി പെൺകുട്ടിയും ഇളയമ്മയും അവിടെയായിരുന്നു താമസം. ഇതിനിടെ ഇളയമ്മ വാണി ഉൾപ്പെട്ട സംഘവുമായി പരിചയപ്പെട്ടതായാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. തുടർന്ന് പണം വാങ്ങി പെൺകുട്ടിയെ ചെന്നൈയിലെ ഒരു സ്പായിലേക്ക് അയച്ചതായും ഇവിടെ രണ്ടുമാസത്തോളം ജോലി ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പിന്നീട് പെൺകുട്ടി ഇളയമ്മയ്ക്കൊപ്പം ബെംഗളൂരുവിലേക്ക് മടങ്ങി. അതിനുശേഷം ക്രിമിനൽ സംഘത്തിന്റെ സഹായത്തോടെ കോവളത്തെ സ്പായിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന് ഈ സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്നും സജിത്തിന്റെ ആവശ്യപ്രകാരമാണ് പെൺകുട്ടിയെ അവിടേക്ക് എത്തിച്ചതെന്നും പൊലീസ് സംശയിക്കുന്നു. വാണിയെ കൂടാതെ മറ്റു രണ്ടു സ്ത്രീകൾക്കും ഇടപാടിൽ പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചവരുടെയും സ്പാ നടത്തിപ്പുകാരുടെയും ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
