തിരുവനന്തപുരം: നിപ രോഗികൾക്കും കോവിഡ് ബാധിതർക്കും കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയിട്ടുണ്ടോയെന്ന സംശയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 2023, 2024, 2025 വർഷങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക് വിതരണം ചെയ്ത മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നതായാണ് ആരോഗ്യവകുപ്പിന്റെ സംശയം. ഈ കാലയളവിൽ റിപ്പോർട്ട് ചെയ്ത ആറു നിപ മരണങ്ങൾ കാലാവധി കഴിഞ്ഞ മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണോയെന്നും പരിശോധിക്കും.
എംഎൽഎ മാത്യു കുഴൽനാടൻ നിയമസഭയിൽ സമർപ്പിച്ച സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി അന്വേഷണവിവരം വ്യക്തമാക്കിയത്. നിപ, കോവിഡ് രോഗികൾക്ക് മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സാംക്രമിക രോഗവിഭാഗം മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിപ, കോവിഡ് ഉൾപ്പെടെയുള്ള വൈറസ് ബാധകളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നാണ് റെംഡെസിവിർ. അടിയന്തര ചികിത്സയ്ക്കും രോഗികളുടെ ജീവൻ രക്ഷിക്കാനുമായി ആരോഗ്യവകുപ്പ് സ്ഥാപനങ്ങളിലേക്ക് മരുന്ന് എത്തിച്ചിരുന്നു. ലഭ്യമായ രേഖകൾ പ്രകാരം, 2021 ജൂൺ മൂന്നിനാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കാരുണ്യ വഴി അവസാനമായി റെംഡെസിവിർ വാങ്ങിയത്. ഈ മരുന്നിന്റെ കാലാവധി 2023 മേയ് 30 വരെയായിരുന്നു.
എന്നാൽ, 2023 മുതൽ 2025 വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക് നൽകിയ റെംഡെസിവിർ ഈ ശേഖരത്തിൽപ്പെട്ടതും കാലാവധി കഴിഞ്ഞതുമായിരുന്നോ എന്നതാണ് അന്വേഷണത്തിലെ പ്രധാന ചോദ്യം. അതേസമയം, 2026 ജൂൺ 12ന് ബഹ്റൈനിൽനിന്ന് എത്തിച്ച മരുന്നാണ് ഇക്കുറി നിപ രോഗിക്ക് നൽകിയതെന്നും മന്ത്രി നിയമസഭയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു.
കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടുണ്ടോ, അങ്ങനെ നൽകിയിട്ടുണ്ടെങ്കിൽ അത് രോഗികളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടോ, നിപ മരണങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ മെഡിക്കൽ ബോർഡ് പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നതുവരെ മരണങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നാണ് കാരണമെന്ന നിഗമനത്തിലെത്താനാകില്ല.
