കൊച്ചി: സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസ തോമസ്. വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും അതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കാനാകില്ലെന്നുമാണ് വിസിയുടെ വാദം. കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് വിദ്യാർഥികളിലൊരാൾ പൊലീസിൽ പരാതി നൽകി.
വിസിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷൻ നടപടി നേരിട്ട വിദ്യാർഥികൾക്ക് 62 ദിവസം പിന്നിട്ടിട്ടും പരീക്ഷയെഴുതാനുള്ള അനുമതി ലഭിച്ചിട്ടില്ല. പരീക്ഷാ രജിസ്ട്രേഷനായി വെബ്സൈറ്റ് തുറന്നുകൊടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ഉത്തരവ് നടപ്പാക്കാൻ സർവകലാശാല തയ്യാറായില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം. രാവിലെ 11.30ന് വെബ്സൈറ്റ് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകുന്നേരമായിട്ടും നടപടി ഉണ്ടായില്ല. കോടതി ഉത്തരവ് അവഗണിച്ചുള്ള സർവകലാശാലയുടെ നിലപാട് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വിദ്യാർഥികളോട് വിസി പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ളവരുടെ ആരോപണം.
കഴിഞ്ഞ സെപ്റ്റംബറിലാണ് സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസിനെ തടഞ്ഞ സംഭവത്തിൽ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്പെൻഷൻ തുടരാനായിരുന്നു സിന്‍ഡിക്കേറ്റിന്റെ തീരുമാനം. യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരടക്കമുള്ളവർക്കെതിരെയായിരുന്നു നടപടി. സസ്പെൻഷന്റെ കാലാവധി പോലും വ്യക്തമാക്കാതെയാണ് നടപടിയെടുത്തതെന്ന് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അർച്ചന ആരോപിച്ചിരുന്നു.
ആഗസ്റ്റ് 13നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വിസിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. പ്രവർത്തനരഹിതമായ ലൈറ്റുകളുടെ പ്രതീകാത്മക ശവമഞ്ചം യോഗസ്ഥലത്തേക്ക് കൊണ്ടുവന്നായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വിസിയെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് തനിക്കെതിരെ കയ്യേറ്റമുണ്ടായെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും സിസ തോമസ് ആരോപിച്ചു. ആദ്യം പരാതി നൽകില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വിസി പൊലീസിൽ പരാതി നൽകുകയായിരുന്നു.
