കോട്ടയം: കാൻസർ രോഗികളുടെ ചികിത്സ മുടങ്ങിയേക്കുമെന്ന ആശങ്കയ്ക്ക് ആശ്വാസം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തകരാറിലായ റേഡിയേഷൻ മെഷീൻ തിങ്കളാഴ്ചയോടെ വീണ്ടും പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് മെഷീനുകളിൽ ഒന്ന് തകരാറിലായത്. തിങ്കളാഴ്ച രാവിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി വൈകിട്ടോടെ പ്രവർത്തനം പുനരാരംഭിക്കാനാണ് തീരുമാനം.
ഒരു മെഷീനിലൂടെ പ്രതിദിനം 50 രോഗികൾക്കാണ് റേഡിയേഷൻ ചികിത്സ നൽകുന്നത്. രണ്ട് വർഷത്തോളമായി വാർഷിക പരിപാലന കരാർ (എഎംസി) തുക കുടിശികയായതാണ് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണമായത്. ഏകദേശം രണ്ട് കോടി രൂപയാണ് കമ്പനിക്ക് നൽകാനുള്ളത്. മെഡിക്കൽ കോളജ് അധികൃതരും കമ്പനിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് അറ്റകുറ്റപ്പണി നടത്താൻ ധാരണയായത്.
അതേസമയം, 28 കോടി രൂപ ചെലവിൽ പുതിയ റേഡിയേഷൻ മെഷീൻ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിലെ റേഡിയേഷൻ മെഷീനുകളിലൂടെ പ്രതിവർഷം ആറുകോടി രൂപവരെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ തുക പൂർണമായും ആശുപത്രി വികസന സൊസൈറ്റിയുടെ (എച്ച്ഡിഎസ്) ഫണ്ടിലേക്കാണ് എത്തുന്നത്.
മെഷീനുകളുടെ പരിപാലനച്ചെലവ് ആദ്യം ഉറപ്പാക്കിയശേഷം ശേഷിക്കുന്ന തുക എച്ച്ഡിഎസ് ഫണ്ടിലേക്ക് അടയ്ക്കുന്ന രീതി നടപ്പാക്കിയാൽ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പരിപാലന കരാർ തുക കുടിശികയാകുന്നതും അതുവഴി ചികിത്സാ ഉപകരണങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നതും തടയാൻ ഈ നിർദേശം സഹായിക്കുമെന്നാണ് അഭിപ്രായം.
ഇതുസംബന്ധിച്ച നിർദേശം മൂന്നിന് ചേരുന്ന എച്ച്ഡിഎസ് യോഗത്തിൽ പരിഗണിച്ചേക്കും. തകരാറിലായ യന്ത്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതോടെ രോഗികൾക്ക് ചികിത്സാ തടസ്സം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.
