തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാമിനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം പുതിയ തലങ്ങളിലേക്ക്. പ്രണയവുമായി ബന്ധപ്പെട്ട തർക്കത്തിനപ്പുറം കൊലപാതകത്തിലേക്ക് നയിച്ച മറ്റു കാരണങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. സ്വകാര്യ വിഡിയോ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും കൊലയ്ക്ക് പിന്നിലുണ്ടെന്ന സൂചനയാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
പിടിയിലായ പ്രതികളുടെ വാട്സാപ് ചാറ്റുകളും മൊബൈൽ ഫോണുകളിലെ ഫയലുകളും പരിശോധിച്ചതിൽനിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ വിഷയത്തിൽ സംസാരിക്കാനായി കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തിനെ പ്രതികൾ വിളിച്ചുവരുത്താൻ ശ്രമിച്ചിരുന്നതായാണ് പോലീസിന്റെ നിഗമനം. സുഹൃത്ത് എത്താൻ വിസമ്മതിച്ചതോടെ അഭിറാമിനെ ഉപയോഗിച്ച് ഇയാളെ വിളിച്ചുവരുത്താൻ പദ്ധതിയിട്ടതായും സംശയിക്കുന്നു.
ഒന്നാം പ്രതിയായ 17-കാരൻ, മൂന്നാം പ്രതിയും സുഹൃത്തുമായ ആനന്ദിനോട് രണ്ടാഴ്ച മുമ്പുതന്നെ അഭിറാമിന്റെ സുഹൃത്തിനെ ആക്രമിക്കാൻ പോകുന്ന കാര്യം പങ്കുവച്ചിരുന്നതായി പോലീസ് കണ്ടെത്തി. ആക്രമണത്തിന്റെ സൂചനയായി ഒന്നാം പ്രതി ആനന്ദിന്റെ ഫോണിലേക്ക് മഴുവിന്റെ ചിത്രവും അയച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കെണിയൊരുക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ സംഭവവുമായി നേരിട്ട് ബന്ധമില്ലാതിരുന്ന അഭിറാമാണ് ആക്രമണത്തിന് ഇരയായത്.
പോലീസിനെ വഴിതെറ്റിക്കുന്ന തരത്തിലുള്ള മൊഴികളാണ് പ്രതികൾ നൽകുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ ഇവരുടെ പെരുമാറ്റത്തിൽ കുറ്റബോധത്തിന്റെ സൂചനകളില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. ഒന്നാം പ്രതിയെ പൂജപ്പുര ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.
അഭിറാമിന്റെ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതികളുടെ മൊഴി പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സ്കൂബ സംഘത്തെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. മൃതദേഹം കണ്ടെത്തിയ കാടുപിടിച്ച പ്രദേശത്തും പോലീസ് വിശദമായ പരിശോധന നടത്തി. സ്വകാര്യ വിഡിയോ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട തർക്കത്തിന്റെ യഥാർഥ പശ്ചാത്തലവും കൊലപാതകത്തിൽ പ്രതികളുടെ പങ്കും വ്യക്തമാക്കാനുള്ള അന്വേഷണം തുടരുകയാണ്.
