കൊല്ലം: ഒരേ സീരിയലിലും ഒരേ നമ്പറിലുമായി രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ച സംഭവത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്കെതിരെ നടപടിയുമായി ലോട്ടറി വകുപ്പ്. കൊല്ലം കുണ്ടറ ചെറുമൂടിൽ പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിയുടെ ലൈസൻസാണ് സംസ്ഥാന ലോട്ടറി ഡയറക്ടർ സസ്പെൻഡ് ചെയ്തത്. ലോട്ടറി വകുപ്പിന്റെ വീഴ്ച ദൃശ്യമാധ്യമങ്ങളെ അറിയിച്ചത് കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സ്ത്രീശക്തി ലോട്ടറി ടിക്കറ്റിലാണ് ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ അച്ചടിച്ച പിഴവ് കണ്ടെത്തിയത്. വിൽപ്പനയ്ക്കായി ഏജൻസിയിൽ എത്തിയ ടിക്കറ്റുകൾ പരിശോധിക്കുന്നതിനിടെയാണ് അപാകത ശ്രദ്ധയിൽപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ലോട്ടറി വകുപ്പിന്റെ ഭാഗത്തുണ്ടായ വീഴ്ച പുറത്തുകൊണ്ടുവന്ന ഏജൻസിക്കെതിരെ തന്നെ നടപടിയുണ്ടായത് ശ്രദ്ധേയമായി.
ഇതിനിടെ, കൊല്ലം ഡീസന്റ് ജങ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലും സമാന പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയുടെ രണ്ട് ടിക്കറ്റുകളിൽ ഒരേ സീരിയലും ഒരേ നമ്പറും കണ്ടെത്തിയിരുന്നു. ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ ഒന്നിലധികം ഏജൻസികളിൽ ശ്രദ്ധയിൽപ്പെട്ടതോടെ ലോട്ടറി അച്ചടിയിലെ പിഴവ് സംബന്ധിച്ച ആശങ്കയും ഉയർന്നിട്ടുണ്ട്.
