Home Keralaസ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾക്കും സീറ്റ് വർധനയ്ക്കും സർക്കാർ അനുമതി വേണ്ട; ഉത്തരവിനെതിരെ പ്രതിപക്ഷം

സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾക്കും സീറ്റ് വർധനയ്ക്കും സർക്കാർ അനുമതി വേണ്ട; ഉത്തരവിനെതിരെ പ്രതിപക്ഷം

by news_desk1
0 comments

തിരുവനന്തപുരം: സ്വാശ്രയ ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാനും നിലവിലുള്ള കോഴ്സുകളിൽ സ്ഥിരമായി സീറ്റുകൾ വർധിപ്പിക്കാനും സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പുതിയ കോഴ്സുകൾ തുടങ്ങുന്ന വിവരം സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ മതിയാകും. തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

അൺഎയ്ഡഡ്, സ്വാശ്രയ കോളജുകളിൽ നിലവിലുള്ള കോഴ്സുകളുടെ സീറ്റുകൾ വർധിപ്പിക്കാൻ ബന്ധപ്പെട്ട സർവകലാശാലകൾക്ക് നേരിട്ട് അനുമതി നൽകാം. സ്വാശ്രയ കോളജുകൾക്ക് അനുവദിച്ച കോഴ്സുകൾക്ക് വർഷംതോറും എൻഒസി പുതുക്കുന്ന രീതിയും ഒഴിവാക്കും. പകരം മൂന്ന് വർഷത്തിലൊരിക്കൽ മുൻകൂറായി എൻഒസി പുതുക്കിയാൽ മതിയാകും.

ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ, എയ്ഡഡ്, ഓട്ടോണമസ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് 2026 സെപ്റ്റംബർ 11ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. സർക്കാർതലത്തിലുള്ള കർശന പരിശോധനയും നിയന്ത്രണവും ഉറപ്പാക്കുന്ന ഈ വ്യവസ്ഥ നിലനിൽക്കെയാണ് മാനേജ്‌മെന്റുകളുടെ സമ്മർദത്തിന് വഴങ്ങി പുതിയ ഉത്തരവിറക്കിയതെന്നാണ് പിണറായിയുടെ വിമർശനം. തോന്നിയപോലെ സീറ്റുകൾ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like