കൊച്ചി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലെ ഭക്ഷ്യവിതരണം തടസ്സപ്പെടാതിരിക്കാൻ വൻ കയറ്റുമതി പദ്ധതികളുമായി ലുലു ഗ്രൂപ്പ്. കേരളത്തിൽനിന്ന് മാത്രം കഴിഞ്ഞ ഫെബ്രുവരി മുതൽ 5,200 മെട്രിക് ടണ്ണിലധികം കാർഷികോൽപന്നങ്ങളാണ് വിമാനമാർഗവും കപ്പൽ വഴിയും ഗൾഫ് രാജ്യങ്ങളിലെത്തിച്ചത്. ഇതിൽ പ്രധാന പങ്കുവഹിക്കുന്നത് കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള ലുലുവിന്റെ പ്രത്യേക ചാർട്ടേഡ് വിമാന സർവീസുകളാണ്.
പ്രതിമാസം നാല് ചാർട്ടേഡ് വിമാനങ്ങളാണ് കൊച്ചിയിൽനിന്ന് ലുലു ഗ്രൂപ്പ് സർവീസ് നടത്തുന്നത്. ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്ട് വഴി പ്രതിമാസം 320 ടണ്ണിലധികം പഴം, പച്ചക്കറി ഉൽപന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലെത്തിക്കുന്നുണ്ട്. നാഷനൽ എയർവേയ്സിന്റെ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് കൊച്ചിയിൽനിന്ന് മാത്രം 3,094 മെട്രിക് ടൺ കാർഷികോൽപന്നങ്ങൾ കയറ്റുമതി ചെയ്തു. ഇതിൽ 2,951 മെട്രിക് ടണ്ണും വിമാനമാർഗമാണ് ഗൾഫിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വാണിജ്യ വിമാനങ്ങൾ വഴി 2,106 ടൺ പഴം, പച്ചക്കറി ഉൽപന്നങ്ങളും കയറ്റിയയച്ചു.
പഴം, പച്ചക്കറി വിഭവങ്ങൾക്ക് പുറമേ ഇറച്ചി, മത്സ്യ ഉൽപന്നങ്ങളും ലുലു കയറ്റുമതി ചെയ്യുന്നുണ്ട്. ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽനിന്ന് സാധാരണ വിമാന സർവീസുകൾക്കും പ്രത്യേക ചരക്കുവിമാന സർവീസുകൾക്കും വഴിയാണ് മത്സ്യവും ഇറച്ചിയും ഗൾഫ് വിപണികളിലെത്തിക്കുന്നത്.
യുദ്ധസാഹചര്യം നിലനിൽക്കുമ്പോഴും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള കയറ്റുമതി ശൃംഖല വിപുലീകരിക്കുകയാണ് എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്.
