Home Keralaശബരിമല നെയ്യ് വിതരണത്തിൽ വീണ്ടും മിൽമ; വിജിലൻസ് അനുമതി

ശബരിമല നെയ്യ് വിതരണത്തിൽ വീണ്ടും മിൽമ; വിജിലൻസ് അനുമതി

by news_desk1
0 comments

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണം വീണ്ടും മിൽമയെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡിന്റെ തീരുമാനം. വിജിലൻസിന്റെ അനുമതി ലഭിച്ചതിനു പിന്നാലെ മിൽമയും ബോർഡും ധാരണയിലെത്തി. ഇതിന്റെ ഭാഗമായി 5,000 ലിറ്റർ നെയ്യ് ഇന്ന് ശബരിമലയിലേക്ക് അയക്കും. മുൻവർഷം നെയ്യ് വഴിമധ്യേ മറിച്ചുവിറ്റെന്ന കേസ് നിലനിൽക്കുന്നതിനാൽ ഇത്തവണ മിൽമയുടെ സ്വന്തം വാഹനങ്ങളിലായിരിക്കും നെയ്യ് എത്തിക്കുക.

മിൽമയുടെ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസിനെത്തുടർന്നാണ് ഇത്തവണ വിതരണത്തിൽനിന്ന് മിൽമയെ ഒഴിവാക്കി ദേവസ്വം ബോർഡ് ആദ്യം റീടെൻഡർ വിളിച്ചത്. എന്നാൽ, ടെൻഡറിൽ പങ്കെടുത്തത് നെയ്യ് ക്രമക്കേടിൽ ആരോപണവിധേയനായ തമിഴ്നാട്ടുകാരനായ കരാറുകാരനായിരുന്നു. ഇതോടെ റീടെൻഡർ നടപടികളിൽനിന്ന് ബോർഡ് പിന്മാറി. പിന്നീട് വീണ്ടും ടെൻഡർ വിളിച്ചെങ്കിലും മറ്റാരും മുന്നോട്ടുവന്നില്ല. ഇതോടെയാണ് മിൽമയെ വീണ്ടും ആശ്രയിക്കാൻ തീരുമാനിച്ചത്.

അടിയന്തരമായി 10,000 ലിറ്റർ നെയ്യ് നൽകണമെന്നാണ് ദേവസ്വം ബോർഡ് മിൽമയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 5,000 ലിറ്റർ ഇന്ന് കൈമാറും. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മിൽമയുടെ സ്വന്തം വാഹനങ്ങളിൽ പമ്പയിലെത്തിച്ചായിരിക്കും വിതരണം. ഭക്ഷ്യസുരക്ഷാ വിഭാഗം ഉൾപ്പെടെയുള്ളവരുടെ കർശന ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നെയ്യ് കൈമാറുക.

ആകെ 50,000 ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് മിൽമയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഭക്തർ കൊണ്ടുവരുന്ന നെയ്യ് ആവശ്യങ്ങൾക്ക് തികയുമോയെന്ന് വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ നെയ്യ് വാങ്ങുന്നതിനുള്ള കരാറിൽ ഏർപ്പെടുക. ഒരു ലിറ്റർ നെയ്യിന് 660 രൂപയാണ് മിൽമ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ കേസിൽ രണ്ടുപേരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപാടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ദേവസ്വം ബോർഡ് സ്റ്റോർ സൂപ്രണ്ട് ഇപ്പോഴും ഒളിവിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ക്രമക്കേടിൽ കൂടുതൽ പേരുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരാനാകുമെന്നാണ് വിജിലൻസിന്റെ കണക്കുകൂട്ടൽ.

You may also like