കൊച്ചി: ഫഹദ് ഫാസിലും നസ്രിയ നാസിമും വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുമോ? മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളുടെ ഒരുമിച്ചുള്ള പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകർക്ക് പ്രതീക്ഷയേകുന്ന മറുപടിയുമായി നസ്രിയ. ഫഹദിനൊപ്പം വീണ്ടും അഭിനയിക്കാൻ തനിക്കും വലിയ ആഗ്രഹമുണ്ടെന്നും അതിനായി മികച്ചൊരു കഥ വരട്ടെയെന്നും താരം പറഞ്ഞു. ‘പ്രാർത്ഥിക്കൂ, ഞാനത് മാനിഫെസ്റ്റ് ചെയ്യുന്നുണ്ട്’ എന്ന നസ്രിയയുടെ വാക്കുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
സൂര്യ നായകനായെത്തിയ പുതിയ ചിത്രം ‘സീൻ’ സിനിമയുടെ വിജയാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു നസ്രിയയുടെ പ്രതികരണം. ഫഹദും നസ്രിയയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം പ്രതീക്ഷിക്കാമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആവേശത്തോടെയായിരുന്നു താരത്തിന്റെ മറുപടി.
തീർച്ചയായും അത്തരമൊരു സിനിമ പ്രതീക്ഷിക്കണം. ഫഹദിനൊപ്പം വീണ്ടും അഭിനയിക്കാൻ തനിക്കും വലിയ ആഗ്രഹമുണ്ട്. അതിനുപറ്റിയ മികച്ചൊരു കഥ വരട്ടെ. തീർച്ചയായും അങ്ങനെ സംഭവിക്കുമെന്നും എല്ലാവരും അതിനായി പ്രാർഥിക്കണമെന്നും നസ്രിയ പറഞ്ഞു. ‘ഞാനത് മാനിഫെസ്റ്റ് ചെയ്യുന്നുണ്ട്’ എന്ന താരത്തിന്റെ വാക്കുകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസ്’ ആണ് ഫഹദും നസ്രിയയും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം. അതിൽ ഗൗരവമേറിയ കഥാപാത്രത്തിലും വ്യത്യസ്തമായ വേഷപ്പകർച്ചയിലുമാണ് നസ്രിയ എത്തിയത്. താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷം ഇരുവരും മറ്റൊരു ചിത്രത്തിലും ഒന്നിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതിയൊരു സിനിമയിലൂടെ താരദമ്പതികൾ വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതേസമയം, സൂര്യ നായകനായ ‘സീൻ’ എന്ന ചിത്രത്തിലെ നസ്രിയയുടെ പ്രകടനവും മികച്ച പ്രതികരണമാണ് നേടുന്നത്. ആക്ഷൻ രംഗങ്ങളും വ്യത്യസ്തമായ ഭാവപ്രകടനങ്ങളുമാണ് ചിത്രത്തിലെ പ്രധാന ആകർഷണങ്ങൾ. ഏറെക്കാലത്തിനുശേഷം തിയറ്ററുകളിൽ സജീവമായെത്തിയ നസ്രിയയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷമാക്കുകയാണ്. ‘എക്സ്പ്രഷൻ ക്വീൻ ഈസ് ബാക്ക്’ എന്ന വിശേഷണങ്ങളുമായി താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുള്ള കുറിപ്പുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നു.
