തിരുവനന്തപുരം: തലസ്ഥാനത്തെ ചാലയിൽ വൈഷ്ണവി ജ്വല്ലറിയിൽനിന്ന് 250 പവൻ സ്വർണം കവർന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ മനോജ്. മോഷണം പോയത് സ്വന്തം കടയിലെ സ്വർണമല്ലെന്നും പൂരിഫൈ ചെയ്യുന്നതിനായി മറ്റ് വ്യാപാരികൾ ഏൽപ്പിച്ച സ്വർണമാണെന്നും മനോജ് പറഞ്ഞു. നാലഞ്ച് കടകളിൽ നിന്നുള്ള സ്വർണം ഇതിലുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മോഷണം നടന്നത്. രാത്രി 10.30ന് കടയടച്ചതായും വെറും മൂന്ന് മിനിറ്റിനുള്ളിൽ, 10.33ഓടെ മോഷ്ടാക്കൾ സ്വർണം കവർന്നതായും മനോജ് പറഞ്ഞു. രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് മൂന്നംഗ സംഘം എത്തിയത്. ഒരു ബൈക്കിൽ രണ്ടുപേരും മറ്റൊരു ബൈക്കിൽ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് മൊഴിയെടുത്തതായും വെള്ളിയാഴ്ച രാവിലെ വീണ്ടും വിളിച്ചിരുന്നതായും മനോജ് പറഞ്ഞു. കഴിഞ്ഞ 30 വർഷമായി തിരുവനന്തപുരത്ത് വ്യാപാരം നടത്തുന്നയാളാണ് മനോജ്.
അതേസമയം, മോഷണത്തെത്തുടർന്ന് മനോജ് കടുത്ത മാനസിക സമ്മർദത്തിലാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചാല സെക്രട്ടറി ദിലീപ് പറഞ്ഞു. ചെറിയ കടക്കാരുടെ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. ഈ സ്വർണം വെള്ളിയാഴ്ച രാവിലെ തന്നെ ഉടമകൾക്ക് തിരികെ നൽകേണ്ടതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനോജ് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. മാനസികമായി തളർന്നിരിക്കുന്ന അദ്ദേഹം വ്യാപാരികൾ എത്തിയതോടെയാണ് പുറത്തേക്ക് വരാൻ തയ്യാറായതെന്നും ദിലീപ് പറഞ്ഞു.
അതിനിടെ, മോഷ്ടാക്കൾ ഉപയോഗിച്ച വാഹനം ഹോണ്ട സി.ബി 350 ബൈക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നേരത്തെ റോയൽ എൻഫീൽഡ് ബുള്ളറ്റിലാണ് പ്രതികൾ എത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. ഹോണ്ട സി.ബി 350 ബൈക്ക് വാങ്ങിയ ഉടമകളെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര സ്വദേശിയായ മനോജിന്റെ ജ്വല്ലറി ചാലയിലെ സഭാവതി കോവിൽ റോഡിലാണ് പ്രവർത്തിക്കുന്നത്. 250 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് ഉടമ നേരത്തെ വ്യക്തമാക്കിയിരുന്നത്. മറ്റ് വ്യാപാരികളുടെ സ്വർണം കൂടി നഷ്ടമായതോടെ കവർച്ചയുടെ ആശങ്കയും വ്യാപാരമേഖലയിൽ ശക്തമായിരിക്കുകയാണ്.
