തിരുവനന്തപുരം: ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളിലെ പ്രാതിനിധ്യത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ പരസ്യമാകുന്നു. അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ച് കെപിസിസി ഭാരവാഹി യോഗത്തിൽ ഡിസിസി പ്രസിഡന്റുമാർ രൂക്ഷവിമർശനം ഉന്നയിച്ചു. തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച് ‘ഒച്ചിന്റെ വേഗം’ എന്ന പരാമർശവും ഉയർന്നു. കാലതാമസമുണ്ടായെന്ന കാര്യം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അംഗീകരിച്ചതായാണ് വിവരം. ഇന്നലെ രാത്രി ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു വിമർശനങ്ങൾ.
ജി.എൻ.എ കരാറുമായി ബന്ധപ്പെട്ട് വ്യക്തത വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ളയാളാണ് ഇക്കാര്യം ഉന്നയിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നത് പ്രതിസന്ധിയാകുന്നുവെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനാൽ ചാനൽ ചർച്ചകൾക്കായി പാനലിസ്റ്റുകളെ നിയോഗിക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമാണോ മന്ത്രിക്കൊപ്പമാണോ നിലപാട് സ്വീകരിക്കേണ്ടതെന്ന ആശയക്കുഴപ്പവും അവർ ഉന്നയിച്ചു.
അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ.സി. പക്ഷമാണെന്ന വാദം വി.ഡി. സതീശൻ അനുകൂലികൾ തുടക്കംമുതൽ ഉന്നയിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കെ.സി. വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്–കോർപറേഷൻ വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കിടയിലും അതൃപ്തിയുണ്ട്. ഇതിനിടെ മന്ത്രിമാർക്കിടയിലെ അതൃപ്തിയും കോൺഗ്രസിന് പുതിയ തലവേദനയാകുകയാണ്. സ്ഥാനവിഭജനത്തിലെ കാലതാമസവും പാർട്ടിക്കുള്ളിലെ ഭിന്നതകളും ഒരേസമയം ചർച്ചയാകുമ്പോൾ നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളികളും വർധിക്കുകയാണ്.
