Home Internationalയുപിയിൽ മാത്രമല്ല, ചൈനയിലും ‘ബുൾഡോസർ രാജ്’! നഷ്ടപരിഹാരം നൽകിയില്ലെന്നാരോപിച്ച് സർക്കാർ കെട്ടിടം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്ത് 47-കാരൻ

യുപിയിൽ മാത്രമല്ല, ചൈനയിലും ‘ബുൾഡോസർ രാജ്’! നഷ്ടപരിഹാരം നൽകിയില്ലെന്നാരോപിച്ച് സർക്കാർ കെട്ടിടം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്ത് 47-കാരൻ

by news_desk
0 comments

ബെയ്ജിംഗ്: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ‘ബുൾഡോസർ രാജ്’ ചൂടേറിയ ചർച്ചാവിഷയമാകുന്നതിനിടെ, അങ്ങ് ചൈനയിൽ നിന്നും ലോകത്തെ അമ്പരപ്പിക്കുന്ന ഒരു ബുൾഡോസർ പ്രതികാരത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിൽ ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സാഹസമാണ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായത്. നഷ്ടപരിഹാരം നൽകിയില്ലെന്നാരോപിച്ച് 47-കാരനായ യുവാവ് കൂറ്റൻ ബുൾഡോസർ ഉപയോഗിച്ച് സർക്കാർ കെട്ടിടം ഇടിച്ചുതകർത്തു. നവംബർ ഒൻപതിന് നടന്ന സംഭവത്തിൽ ‘ഹു’ എന്ന കുടുംബപ്പേരിലറിയപ്പെടുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷാൻസി പ്രവിശ്യയിലെ ഫെങ്‌ഡോങ് ന്യൂ സിറ്റി ഗവൺമെന്റ് സർവീസ് സെന്ററാണ് യുവാവിന്റെ രോഷത്തിനിരയായത്. മഞ്ഞനിറത്തിലുള്ള കൂറ്റൻ മണ്ണുമാന്തിയന്ത്രം കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഇടിച്ചുകയറുന്നതും പടികളും ബോർഡുകളും തകർത്തെറിയുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന തകർക്കലിൽ കെട്ടിടത്തിന്റെ പ്രവേശന കവാടവും പുറംഭാഗങ്ങളും ഉൾപ്പെടെ കുറഞ്ഞത് ആറ് ഭാഗങ്ങൾക്കെങ്കിലും സാരമായ കേടുപാടുകൾ സംഭവിച്ചു.

സംഭവസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെയും സന്ദർശകരെയും അടിയന്തരമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സർക്കാർ പൊളിച്ചുനീക്കിയ ഹുവിന്റെ കന്നുകാലി ഫാമിനുള്ള നഷ്ടപരിഹാരം ലഭിക്കാത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ, ഗ്രാമവാസികൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം തടഞ്ഞുവെച്ചതിലുള്ള പ്രതിഷേധമാണെന്ന് മറ്റ് ചില കേന്ദ്രങ്ങൾ പറയുന്നു.

സർക്കാർ വസ്തുവകകൾ നശിപ്പിച്ച കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ഹുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കകം തന്നെ സർക്കാർ സേവനകേന്ദ്രം സാധാരണനിലയിൽ പ്രവർത്തനം പുനരാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശിൽ കുറ്റവാളികൾക്കെതിരെയുള്ള സർക്കാർ നടപടികളുടെ പ്രതീകമായി ബുൾഡോസർ മാറുമ്പോൾ, ചൈനയിൽ ഭരണകൂടത്തിനെതിരെയുള്ള സാധാരണക്കാരന്റെ രോഷപ്രകടനത്തിനാണ് മണ്ണുമാന്തിയന്ത്രം ആയുധമായത്.

You may also like