Home Keralaടെൻഡർ യോഗ്യതയില്ലാത്ത കമ്പനിക്ക് 11 രൂപയ്ക്ക് വൈദ്യുതി കരാർ; ‘ഒപ്പിട്ട അഴിമതിയിൽ’ മുഖ്യമന്ത്രിയുടെ മറുപടി തേടി പ്രതിപക്ഷ നേതാവ്

ടെൻഡർ യോഗ്യതയില്ലാത്ത കമ്പനിക്ക് 11 രൂപയ്ക്ക് വൈദ്യുതി കരാർ; ‘ഒപ്പിട്ട അഴിമതിയിൽ’ മുഖ്യമന്ത്രിയുടെ മറുപടി തേടി പ്രതിപക്ഷ നേതാവ്

by news_desk1
0 comments

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബലിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്. റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ മത്സരാധിഷ്ഠിത ടെൻഡറോ ഇല്ലാതെയാണ് കരാർ ഉറപ്പിച്ചതെന്നും ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് സർക്കാർ ഉത്തരവിൽത്തന്നെ വ്യക്തമാക്കിയ കമ്പനിക്ക് കരാർ നൽകിയത് ആരുടെ താത്പര്യപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇടപാടിന്റെ വിശദാംശങ്ങൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ രംഗത്തെത്തിയത്.

വൈദ്യുതി നിയമത്തിലെ 62, 63 വകുപ്പുകൾ പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്ക് നിശ്ചയിക്കാവൂ. എന്നാൽ വിഇഎച്ച് ഗ്ലോബലിന്റെ ഓഫറുകളുടെ അടിസ്ഥാനത്തിൽ മാത്രം യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഈ നടപടിക്ക് റെഗുലേറ്ററി കമ്മീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വിപണിയിൽ കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രമാണ് വിലയുള്ളത്. ഇത്രയും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരിക്കെ 11 രൂപയ്ക്ക് കരാർ ഒപ്പിട്ടത് സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പീക്ക് സമയത്ത് വൈദ്യുതി നൽകാമെന്ന വിഇഎച്ച് ഗ്ലോബലിന്റെ ഓഫർ സെപ്റ്റംബർ 22നാണ് സർക്കാർ അംഗീകരിച്ചത്.

ടെൻഡറിൽ പങ്കെടുക്കാൻ വിഇഎച്ച് ഗ്ലോബലിന് യോഗ്യതയില്ലെന്ന് സർക്കാർ പുറപ്പെടുവിച്ച അതേ ഉത്തരവിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നതാണ് ഇടപാടിലെ പ്രധാന വിരോധാഭാസമെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകാൻ ആരാണ് താത്പര്യമെടുത്തതെന്ന ചോദ്യത്തിനും സർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു.

നേരത്തെ ജിഎൻഎ കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയർന്നപ്പോൾ ‘കരാറിൽ ഒപ്പിട്ടിട്ടില്ലല്ലോ’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. എന്നാൽ ഇപ്പോൾ ഒപ്പിട്ട കരാറാണുള്ളതെന്നും ഈ ഇടപാടിലെ ആരോപണങ്ങളിൽനിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഒപ്പിട്ട അഴിമതിക്കരാറിനെ’ക്കുറിച്ച് ജനങ്ങളോട് വ്യക്തമായ മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

You may also like