വാഷിങ്ടൻ: ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങളിൽ പങ്കെടുത്ത രണ്ട് യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ. ‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്ന മുന്നറിയിപ്പോടെയാണ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഭീഷണി സന്ദേശം പുറത്തുവന്നത്. സൈനികരുടെ വ്യക്തിഗത വിവരങ്ങൾ പോലും ഇറാന്റെ കൈവശമെത്തിയത് അമേരിക്കയ്ക്ക് പുതിയ സുരക്ഷാ വെല്ലുവിളിയായിരിക്കുകയാണ്.
യുഎസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രൂവൻസിലെ കമാൻഡിങ് ഓഫിസർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫിസറായ ലഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവർക്കെതിരെയാണ് ഭീഷണി. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് നവംബർ 13ന് ഭീഷണി സന്ദേശം പുറത്തുവിട്ടത്.
ഇറാനിലെ സൈനിക നീക്കങ്ങളിൽ പങ്കെടുത്തശേഷം കലിഫോർണിയയിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥരെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 357 ദിവസത്തോളം പശ്ചിമേഷ്യയിൽ വിന്യസിക്കപ്പെട്ട ശേഷമാണ് യുഎസ്എസ് സ്പ്രൂവൻസ് കലിഫോർണിയയിലേക്ക് മടങ്ങിയത്. ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്കുനേരെ നൂറുകണക്കിന് ക്രൂസ് മിസൈലുകൾ ഈ യുദ്ധക്കപ്പലിൽനിന്ന് വിക്ഷേപിച്ചിരുന്നു.
അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭീഷണികൾ കണക്കിലെടുത്ത് അമേരിക്കയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
