മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് 14കാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടിയുമായി കെ.എസ്.ഇ.ബി. വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി.
മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി ബോർഡിന് നിർദേശം നൽകി. പ്രത്യേക കേസായി പരിഗണിച്ചാണ് സഹായം അനുവദിക്കുന്നത്.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും അടിയന്തരമായി പരിശോധിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി. ജീവനക്കാർ പട്രോളിങ് നടത്തി പരിശോധന നടത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്തും.
പരിശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാധ്യതകളും അടിയന്തരമായി പരിഹരിക്കും. സംഭവത്തിൽ നിയമപരമായ പരിശോധന പൂർത്തിയാക്കാൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ വൈദ്യുതി വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ബോർഡ് അറിയിച്ചു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ കുട്ടിയുടെ പിതാവിനെ മന്ത്രി ഫോണിൽ വിളിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ വൈദ്യുതി മന്ത്രിക്കെതിരെ യൂത്ത് ലീഗ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി നേരത്തേ ഇടപെടേണ്ടിയിരുന്നുവെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി വൈകുകയാണെന്നും സംഘടന ആരോപിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപിച്ച യൂത്ത് ലീഗ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു.
സ്റ്റേ വയർ പൊട്ടിയ സംഭവത്തിൽ കെ.എസ്.ഇ.ബി. സ്വന്തം ഭാഗം ന്യായീകരിച്ചും രംഗത്തെത്തിയിരുന്നു. കൃഷിയിടത്തിൽ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുന്നതിനിടെയാണ് സ്റ്റേ വയർ പൊട്ടിയതെന്നാണ് ബോർഡിന്റെ വാദം. സംഭവത്തിൽ താനൂർ പൊലീസിൽ കെ.എസ്.ഇ.ബി. പരാതി നൽകിയിട്ടുണ്ട്. വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പരാതി നൽകിയത്. അപകടത്തിൽ ബോർഡിന് വീഴ്ചയില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
